![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്ലര് ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില് സര്ക്കാര് മറുപടി നല്കാത്തതില് ഹൈക്കോടതിക്ക് അതൃപ്തി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കണമെന്ന് സര്ക്കാരിനും എക്സൈസ് കമ്മിഷണര്ക്കും ഹൈക്കോടതി നിര്ദ്ദേശം നല്കി. 72 ദിവസമല്ല, 72 സെക്കന്റ് പോലും ജയിലില് കിടക്കുന്നത് നല്ലതല്ലെന്നാണ് ഹൈക്കോടതിയുടെ വിമര്ശനം. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ വിമര്ശനം.
എക്സൈസ് വകുപ്പിന് സംഭവിച്ച പിഴവ് മൂലം 72 ദിവസം ജയിലില് കഴിയേണ്ടി വന്ന സംഭവം തന്റെ അന്തസിനെ ബാധിച്ചുവെന്നാണ് ഷീല സണ്ണിയുടെ പ്രധാന ആക്ഷേപം. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാലക്കുടി റേഞ്ച് എക്സൈസ് ഇന്സ്പെക്ടര് രജിസ്റ്റര് ചെയ്ത കേസില് നിയമ വിരുദ്ധമായാണ് തന്നെ പ്രതിചേര്ത്തത്. അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്ഷനിലാണ്. യഥാര്ത്ഥ സംഭവവും എക്സൈസ് മഹസറും തമ്മില് ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര് ചെയ്തതില് ഉള്പ്പടെ പിഴവുണ്ടെന്നുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്ജിയില് ഷീല സണ്ണിയുടെ വാദം.