തൃശൂര്: പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ക്രൂരവും നിര്ഭാഗ്യകരവുമെന്ന് കോണ്ഗ്രസ് നേതാവും തൃശൂര് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ ടി എന് പ്രതാപന്. പാര്ട്ടിയെ നിര്ണ്ണായകഘട്ടത്തില് വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാന് കഴിയുന്നില്ലെന്നും തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും പ്രതാപന് പറഞ്ഞു.
ബിജെപി-ആര്എസ്എസിന് എതിരാണ് ഞങ്ങളുടെ പോരാട്ടം. യഥാര്ത്ഥ കോണ്ഗ്രസുകാര് പാര്ട്ടിക്കൊപ്പം നില്ക്കും. കോണ്ഗ്രസില് നിന്ന് ഒരാളും ബിജെപിയിലേക്ക് പോവില്ല. കോണ്ഗ്രസിന്റെ മുഖ്യ ശത്രുവാണ് ബിജെപി. പരലോകത്തിരുന്ന് ലീഡര് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് ഉണ്ടായത്. കോണ്ഗ്രസ് പ്രവര്ത്തകര് ഈ വിവരമറിഞ്ഞതു മുതല് വലിയ വാശിയിലാണ്. കോണ്ഗ്രസിനെ ദുര്ബലപ്പെടുത്തുന്നതിന് പ്രവര്ത്തകര് പ്രതികാരം ചെയ്യും. ഈ ചതിക്കും ക്രൂരതയ്ക്കും മാപ്പില്ല എന്നാണ് കോണ്ഗ്രസ് പ്രവര്ത്തകര് പറയുന്നത്. പത്മജ അല്പനിമിഷം മുൻപ് വരെ എന്റെ കോണ്ഗ്രസിലെ പെങ്ങളായിരുന്നു. ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഹൃദയത്തില് നിന്ന് തത്കാലം വിസ്മരിക്കുകയാണ്. കോണ്ഗ്രസുകാര് തോല്പ്പിച്ചെന്ന പത്മജയുടെ വാദത്തിന് മറുപടിയില്ല, പ്രതാപന് കൂട്ടിച്ചേര്ത്തു.
നരേന്ദ്രമോദി ശക്തന്, എന്റെ പരാതി എഐസിസി ചവറ്റുകൊട്ടയിലെറിഞ്ഞു: പത്മജ വേണുഗോപാല്അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവാണെന്ന് പത്മജ വേണുഗോപാല് ബിജെപി പ്രവേശത്തിന് പിന്നാലെ പ്രതികരിച്ചു. കോണ്ഗ്രസിന് മികച്ച നേതൃത്വം ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്കിയെങ്കിലും ചവറ്റുകൊട്ടയിലേക്ക് പോയെന്ന് പത്മജ വേണുഗോപാല് പറഞ്ഞു.