കൽപ്പറ്റ: ലീഡർ കെ കരുണാകരന്റെ മകളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാർത്തയല്ല വന്നതെന്ന് കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്. പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനപ്പുറത്തുനിന്നിറങ്ങിക്കഴിഞ്ഞാൽ ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ. ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവി കൺസൾട്ടിങ് എഡിറ്റർ ഡോ. അരുൺകുമാറുമായുള്ള അശ്വമേധം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിവിടാൻ തനിക്ക് ഒരിക്കലുമാകില്ലെന്നും എന്നാൽ പോയില്ലെങ്കിൽ താനും മകനും ഉള്ളിൽക്കിടക്കേണ്ടിവരും എന്നാണ് അശോക് ചവാൻ പാർട്ടി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞത്. അത്തരത്തിലെന്തെകിലും കാരണമാകും പദ്മജ പാർട്ടിവിടാൻ കാരണമെന്ന് സംശയിക്കുന്നതായും സിദ്ധിഖ് പറഞ്ഞു. ധാർമിക ശേഷിയും ഇന്റഗ്രിറ്റിയുമുള്ള ആളുകൾക്ക് മാത്രമേ ബിജെപിയെ നേരിടാനാവുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ദിഖിന്റെ വാക്കുകൾ
ലീഡർ കെ കരുണാകരന്റെ മകളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാർത്തയല്ല വന്നത്. തിരഞ്ഞെടുപ്പ് വാതിൽക്കൽ നിൽക്കുമ്പോൾ ഇത്തരമൊരു നടപടിയെടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇതിൽ വാർത്തകൾ പുറത്തുവരാനുണ്ട്. എന്തെങ്കിലും കാര്യമായ റീസൺ ഉണ്ടാകും. ഇ ഡി, ആദായ നികുതി അന്വേഷണം ഈ വിഷയത്തിലും കടന്നുകൂടിയോ എന്ന ആശങ്കയുയരുന്നുണ്ട്. അശോക് ചവാൻ പാർട്ടി വിട്ടപ്പോൾ കരഞ്ഞുകൊണ്ടാണ് അദ്ദേഹം പോയത്. പോകാനെനിക്ക് ഒരിക്കലുമാകില്ല, പക്ഷെ പോയില്ലെങ്കിൽ താനും മകനും ഉള്ളിൽക്കിടക്കേണ്ടിവരും എന്നാണ് അദ്ദേഹം പറഞ്ഞത്.
ധാർമിക ശേഷിയും ഇന്റഗ്രിറ്റിയുമുള്ള ആളുകൾക്ക് മാത്രമേ ബിജെപിയെ നേരിടാനാവുള്ളൂ. രാഹുൽ ഗാന്ധിയെ 56 മണിക്കൂർ ചോദ്യം ചെയ്തു, മാനസികമായി കീഴ്പ്പെടുത്തുക എന്ന ഉദ്ദേശത്തോടെ. എന്നാൽ അദ്ദേഹം നിർഭയനായി പോരാടി. ആ കരുത്ത് കെ കരുണാകരനുണ്ടായിരുന്നു. പക്ഷെ മകൾക്കതില്ല. അവർ ബിജെപിയിൽ പോയാൽ കോൺഗ്രസ് പ്രവർത്തകർ തളരാൻപോകുന്നില്ല. വലിയ വീര്യത്തോടെ ബിജെപിക്കെതിരെ പ്രവർത്തിക്കും. പാർട്ടി പദ്മജയോ സിദ്ദിഖോ അല്ല. ആനപ്പുറത്തുനിന്നിറങ്ങിക്കഴിഞ്ഞാൽ അവർക്ക് ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് അവരുടെ ധാരണ. ജനം പുച്ഛിച്ചു തള്ളും.