തൃശ്ശൂര്: തൃശ്ശൂര് ജില്ലാ കോണ്ഗ്രസിന്റെ പ്രവര്ത്തനങ്ങളെ ഊര്ജ്ജിതമാക്കാനിടയാക്കി മുതിര്ന്ന നേതാവായ പത്മജ വേണുഗോപാല് ബിജെപിയില് ചേരും എന്ന വാര്ത്ത. പത്മജ പോകുന്നതോടെ ജില്ലയിലെ പാര്ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാവില്ല എന്നുറപ്പ് വരുത്താന് പഴുതടച്ച പ്രവര്ത്തനങ്ങള് നടത്താനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ പാര്ട്ടി ബൂത്ത് പ്രസിഡന്റുമാരുടെ യോഗം ഇന്ന് 10 മണിക്ക് വിളിച്ചിട്ടുണ്ട്. പത്മജക്കൊപ്പം അണികള് പാര്ട്ടി വിടുന്നത് തടയുകയാണ് യോഗത്തിന്റെ ലക്ഷ്യം.
കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തില് പുഷ്പാര്ച്ചന നടത്തി ഇന്ന് രാവിലെ പത്തിന് കോണ്ഗ്രസ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുന്നു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്, ടിഎന് പ്രതാപന് എംപി ഉള്പ്പെടെയുള്ളവര് പങ്കെടുക്കും.
അതിനിടെ തൃശ്ശൂര് ലോക്സഭ മണ്ഡലത്തില് സ്ഥാനാര്ത്ഥിയാവുമെന്ന് കരുതുന്ന സിറ്റിംഗ് എംപി ടിഎന് പ്രതാപന് ബിഷപ്പ് ഹൗസിലെത്തി മാര് ആന്ഡ്രൂസ് താഴത്തിനെ സന്ദര്ശിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി വിന്സന്റ് , മുന് എംഎല്എ അനില് അക്കര, മുന് മേയര്മാരായ രാജന് ജെ പല്ലന്, ഐ പി പോള് എന്നിവര്ക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.