ആലപ്പുഴ: പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. പത്മജയെ കൊണ്ട് ബിജെപിക്ക് മെമ്പർഷിപ്പിന്റെ തുക കിട്ടും. അംഗത്വ ഫീസ് ലഭിക്കുമെന്നതല്ലാതെ മറ്റൊരു ഗുണവും ബിജെപിക്ക് പത്മജയെക്കൊണ്ട് ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെ മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണ്. പിതാവ് കരുണാകരനും പാർട്ടി വിട്ടു പോയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതിനിടെ തിരുവനന്തപുരം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശനെ കാണാൻ എത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ആണ് രാജീവ് ചന്ദ്രശേഖർ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയത്.
പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാസെ ബിഡിജെഎസ് സീറ്റുകളിൽ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ്സും ബിജെപിയും ഒരു കുടുംബമാണ്. കുടുംബത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ സ്വാഭാവികമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജ ബിജെപിയിലെത്തുന്നതോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നിലവിൽ ബിഡിജെഎസ്സിന്റെ മണ്ഡലമാണ് ചാലക്കുടി. പത്മജ മത്സരിക്കുന്നതോടെ ബിഡിജെഎസ്സിന്റെ മണ്ഡലത്തിൽ മാറ്റം വന്നേക്കും.