പാലക്കാട്: ആശുപത്രികളിലും തെരുവുകളിലും ഉപേക്ഷിക്കപ്പെട്ട ഒരായിരം അമ്മമാർക്ക് തണലായ ഒരു വനിതയുണ്ട് പാലക്കാട് വടക്കന്തറയിൽ. നേഴ്സും ശാന്തിനികേതനം ട്രസ്റ്റ് ഭാരവാഹിയുമായ റസിയ ബാനു.
ഓരോ ജീവനും ഭൂമിയിൽ മുളപൊട്ടുന്നത് ഓരോ നിയോഗവുമായാണ്. പിറന്നുവീഴുന്നിടത്ത് നിന്ന് എത്ര കാതങ്ങൾ സഞ്ചരിച്ചാലും എന്തൊക്കെ പ്രതിസന്ധി ആയാലും അതെല്ലാം മറികടന്ന് ആ നിയോഗം നമ്മൾ ഓരോരുത്തരിലും വന്നെത്തും. പാലക്കാട് ചുണ്ണാമ്പുതറയിൽ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർ കഴിയുന്ന ഒരു വീടുണ്ട്. 'ശാന്തിനികേതനം'. ആ വീട്ടിലെ പ്രകാശമാണ് റസിയ ബാനു.
ഇടത്തരം മുസ്ലിം കുടുംബത്തിൽ ജനിച്ച ഒരു സാധാരണ വനിത. പ്രതിസന്ധികൾ പലതുണ്ടായിട്ടും അതെല്ലാം നിഷ്പ്രഭം മറികടന്നു റസിയ ബാനു വന്നത് ഈ അമ്മമാർക്ക് തുണയാകാൻ വേണ്ടിയായിരിക്കും. അല്ലെങ്കിൽ നഴ്സിംഗ് പഠിച്ചവരെല്ലാം വിദേശത്തേക്ക് നല്ല ജോലി തേടി പോയിരുന്ന കാലത്ത് ഉപേക്ഷിക്കപ്പെട്ട മനുഷ്യർക്ക് തുണയാവണമെന്ന മോഹം റസിയയിൽ ഉയരുമായിരുന്നില്ല.
2006 ലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ റസിയാ ബാനു ശാന്തിനികേതൻ ആരംഭിക്കുന്നത്. ആദ്യത്തെ അന്തേവാസിയായി എത്തിയത് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ലഭിച്ച തങ്കമ്മ. പിന്നീട് ആരുമില്ലാതെ തെരുവിൽ ഒറ്റയ്ക്കായിപ്പോയ നിരവധി അമ്മമാർക്ക് ശാന്തിനികേതൻ തണലേകി. ഇടയ്ക്ക് പൊലീസുകാരും മറ്റും ചിലരെ റസിയയുടെ അരികിൽ എത്തിച്ചു. ഈ18 വർഷവും ഒരു മടുപ്പും റസിയ്ക്ക് തോന്നിയിട്ടില്ല. എല്ലാം ഈശ്വര നിശ്ചയമായി കാണുന്ന അവരുടെ അരികിൽ ഇന്ന് 34 അമ്മമാരുണ്ട്.
ശാന്തിനികേതനിൽ എത്തിയിരുന്ന മിക്ക അമ്മമാരും ക്ഷീണിതരായിരുന്നു. ചിട്ടയായ ചികിത്സയോടൊപ്പം റസിയ ബാനുവിൻ്റെ സാന്ത്വനമാണ് അവരെ എല്ലാവരെയും ഒരുപോലെ ജീവിതത്തിലേക്ക് എത്തിച്ചത്. പണമോ അംഗീകാരങ്ങളോ ലക്ഷ്യം വെക്കാതെ ഉപേക്ഷിക്കപ്പെട്ടവർ എന്ന് മുദ്രകുത്തിയവരെ ഉറ്റവരായി കാണുന്ന റസിയയേ പോലുള്ളവരാണ് ഈ നാട്ടിലെ റിയൽ ഹീറോസ്.