കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിൽ പ്രതി അക്ഷയ് എം എം മണിയുടെ സംരക്ഷണത്തിലെന്ന് യൂത്ത് കോൺഗ്രസ്. അക്ഷയെ ഇടുക്കി സിപിഐഎം സംരക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ആരോപിച്ചു. സംഭവ ശേഷം അക്ഷയ് എവിടെ പോയെന്ന് പോലും എസ്എഫ്ഐ ചോദിക്കുന്നില്ല. അക്ഷയ് എവിടെയാണെന്ന് തെളിയിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അബിൻ വർക്കി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സഹപാഠികൾ ചേർന്ന് സിദ്ധാര്ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.