നക്സലിസത്തെ ജനകീയമാക്കാന് ശ്രമിച്ച് പുറത്തുപോയ ആളാണ് ഭാസുരേന്ദ്രബാബു; ബി രാജീവനും വേണുവും പറയുന്നു

എഴുത്തുകാരായ ബി രാജീവന്, കെ വേണു എന്നിവര് നടത്തിയ പ്രതികരണങ്ങളിലാണ് ഭാസുരേന്ദ്രബാബു നക്സലൈറ്റ് പ്രസ്ഥാനത്തില് നടത്തിയ ആശയ സമരങ്ങളെക്കുറിച്ച് വിശദീകരിച്ചത്

dot image

കൊച്ചി: കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ ജനകീയമാക്കാനുള്ള ശ്രമങ്ങള് നടത്തി ഒടുവില് പാര്ട്ടിവിട്ടു പുറത്തുപോകേണ്ടി വന്നായാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്ന്ന മാധ്യപ്രവര്ത്തകന് ഭാസുരേന്ദ്രബാബു എന്ന് മുന്കാല നക്സലൈറ്റ് പ്രവര്ത്തകര്. ഭാസുരേന്ദ്ര ബാബുവിനെ അനുസ്മരിച്ചുകൊണ്ട് എഴുത്തുകാരായ ബി രാജീവന്, കെ വേണു എന്നിവര് നടത്തിയ പ്രതികരണങ്ങളിലാണ് അദ്ദേഹം നക്സലൈറ്റ് പ്രസ്ഥാനത്തില് നടത്തിയ ആശയ സമരങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ജനകീയ സാംസ്കാരിക വേദി പിരിച്ചുവിടുന്നതിലേയ്ക്ക് നയിച്ച ആശയസമരത്തിന് നേതൃത്വം നല്കിയത് ബാസുരേന്ദ്ര ബാബു ആയിരുന്നുവെന്നാണ് ബി രാജീവന് പറയുന്നത്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ യാന്ത്രികവും രഹസ്യവാദപരവുമായ പ്രവര്ത്തന ശൈലിക്കെതിരെ സാംസ്കാരികവേദി ഉയര്ത്തിക്കൊണ്ടുവന്ന ആശയസമരത്തിന്റെ നേതൃത്വം ഭാസുരേന്ദ്ര ബാബുവിനായിരുന്നുവെന്നും ബി രാജീവന് പറഞ്ഞു. അക്കാലത്ത് ജനകീയ സാംസ്കാരിക വേദിയുടെ പ്രധാന പ്രവര്ത്തകനായിരുന്നു ബി രാജീവന്. ഭാസുരേന്ദ്രബാബുവിനെ അനുസ്മരിച്ചു കൊണ്ടുള്ള ഫേസ്ബുക് കുറിപ്പിലാണ് ബി രാജീവന്റെ വെളിപ്പെടുത്തല്. സിപിഐ എംഎലിന്റെ സാംസ്കാരിക സംഘടനയായ ജനകീയ സാംസ്കാരിക വേദിയെ പാര്ട്ടിയുമായി ബന്ധിപ്പിക്കുന്ന കണ്ണി ഭാസുരേന്ദ്രബാബുവായിരുന്നുവെന്നും ബി രാജീവന് അനുസ്മരിച്ചു.

നക്സലൈറ്റ് പാര്ട്ടിയുടെ രഹസ്യവാദ പ്രവര്ത്തനത്തിനും വരട്ടുവാദത്തിനുമെതിരായി അക്കാലത്ത് പാര്ട്ടിക്കുള്ളില് ആശയപരമായ ഉള്പാര്ട്ടി സമരം നടന്നിരുന്നുവെന്നും ആ ആശയപോരാട്ടങ്ങളില് ശക്തമായ നിലപാടുയര്ത്തിയ വ്യക്തിയായിരുന്നു ഭാസുരേന്ദ്രബാബു എന്നും കെ വേണു റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. സിപിഐ എംഎലിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന് കെ വേണു. വർഗ ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന ലൈന് പാര്ട്ടിയുടെ ജനകീയതയെ അന്ന് ബാധിച്ചിരുന്നുവെന്നും അതിന് ബദലായി പാര്ട്ടിയുടെ പ്രവര്ത്തനരീതികളെ കൂടുതല് ജനകീയമാക്കി പുതുക്കിപ്പണിയുക എന്ന ശ്രമമായിരുന്നു ഭാസുരേന്ദ്ര ബാബു അടക്കമുള്ളവര് നടത്തിയതെന്നും കെ വേണു പറഞ്ഞു.

കെ വേണുവിന്റെ പ്രതികരണത്തിന്റെ പൂര്ണരൂപം

' അന്ന് പാര്ട്ടിയുടെ പ്രാസംഗികരില് പ്രധാനിയായിരുന്നു ബാബു. പാര്ട്ടി ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സംസ്ഥാനഘടകത്തിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന ബാബു ജനകീയ സാംസ്കാരിക വേദിയുടെ ചുമതല ഏറ്റെടുത്തത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തില് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രവര്ത്തനങ്ങള് ജനകീയ സ്വഭാവം കൈവരിച്ചത് മുഖ്യമായും ജനകീയ സാംസ്കാരിക വേദിയുടെ പ്രവര്ത്തനത്തിലൂടെയായിരുന്നു. വര്ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന പാര്ട്ടി ലൈനില് നിയന്ത്രണം ഏര്പ്പെടുത്താനും ജനകീയമായ പ്രവര്ത്തന ശൈലി രൂപപ്പെടുത്താനും പാര്ട്ടി ഈ കാലത്ത് ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജനകീയ സാംസ്കാരിക വേദിയുടെ നേതൃത്വത്തില് കോഴിക്കോട് മെഡിക്കല് കോളേജില് ജനകീയ വിചാരണയൊക്കെ നടക്കുന്നത്. ഇത് സാംസ്കാരിക വേദിക്ക് വലിയ സ്വീകാര്യത നേടി നല്കിയിരുന്നു.

എന്നാല് വയനാട് കേണിച്ചിറയില് പാര്ട്ടി വീണ്ടും ഉന്മൂലന സമരം നടത്തി. കേണിച്ചിറയിലെ മത്തായി കൊലപാതകം പാര്ട്ടിയിലെ ആശയസമരം രൂക്ഷമാക്കി. ജനകീയ സാംസ്കാരിക വേദിയുടെ പ്രവര്ത്തനം കൂടുതല് ജനകീയമാക്കി നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തണമെന്നായിരുന്നു ബാബുവിന്റെ ലൈന്. വീണ്ടും ഉന്മൂലന പ്രവര്ത്തനം നടത്തിയതോടെ പാര്ട്ടിക്കെതിരായ അടിച്ചമര്ത്തല് വീണ്ടും ശക്തമായി. ജനകീയ സാംസ്കാരിക വേദിയുടെ പ്രവര്ത്തനം ആ നിലയില് നടത്താന് സാധിക്കാതെ വന്നു. ഇതിനെ തുടര്ന്നാണ് ഭാസുരേന്ദ്രബാബുവും ബി രാജീവനുമൊക്കെ പ്രസ്ഥാനത്തില് നിന്നും വിട്ടു പോകുന്നത്.

1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലും കേരളത്തിലെ സാംസ്കാരിക-സാഹിത്യ ഇടങ്ങള് സര്ഗ്ഗാത്മകവും വിപ്ലവകരവുമായ ഒരു ബദല്നീക്കത്തിന്റെ മുന്നേറ്റങ്ങള്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ജനകീയ സാംസ്കാരിക വേദിയായിരുന്നു ആ മുന്നേറ്റങ്ങളുടെ ചാലകശക്തിയായി മാറിയത്. കേരളത്തിന്റെ നക്സല് മുന്നേറ്റങ്ങളുടെ ബഹുജന ഇടപെടലിനുള്ള ഇടമെന്ന നിലയിലായിരുന്നു ജനകീയ സാംസ്കാരിക വേദി ഉയര്ന്നു വന്നത്. കേരളം പിന്നീട് ആദരവോടെ ഏറ്റെടുത്ത നിരവധിയായ സാംസ്കാരിക-സാഹിത്യ പ്രവര്ത്തകര് ജനകീയ സാംസ്കാരിക വേദിയുടെ ഇടങ്ങളില് ഒളിഞ്ഞും തെളിഞ്ഞും പങ്കാളികളായിരുന്നു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us