ഡൽഹി: രാഹുൽ ഗാന്ധിയെ പോലെ സമുന്നതനായ നേതാവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് ബിജെപിക്ക് നേർക്കുനേര് വെല്ലുവിളിയാവുന്ന ഇടത്താണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അക്കാര്യം തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്നും രാഹുൽ വയനാട്ടിൽ അല്ല മത്സരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുമെന്ന് കോൺഗ്രസ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം.
ഇടതുപക്ഷത്തിനു വേണ്ടി സിപിഐ നേതാവും ഡി രാജയുടെ ഭാര്യയുമായ ആനി രാജയാണ് വയനാട്ടിൽ മത്സരരംഗത്തുള്ളത്. 'എൽഡിഎഫിൽ സിപിഐക്ക് നാല് സീറ്റാണ് ലഭിച്ചത്. വയനാട് അതിലൊന്നാണ്. ഞങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഓരോ മണ്ഡലത്തിലും ആരാകണം സ്ഥാനാർത്ഥി എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്, അങ്ങനെ വരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയാരാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണ്. രാഹുൽ ഗാന്ധി സംസ്ഥാന നേതാവല്ല, ദേശീയ നേതാവും കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമാണ് എന്നതോർക്കണം.' ഡി രാജ പറഞ്ഞു.
'അദ്ദേഹത്തിന്റെ പദവി അനുസരിച്ച് ഏത് സീറ്റിൽ നിന്നും മത്സരിക്കാം, പക്ഷേ അത് ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടുന്ന വിധത്തിലാവണം. രാഹുൽ ഭാരത് ജോഡോ യാത്ര നടത്തി. അത് വളരെ നല്ലതായിരുന്നു, ഞങ്ങളെല്ലാം അതിനെ സ്വാഗതം ചെയ്തതുമാണ്, സമൂഹത്തിൽ ഭിന്നിപ്പും അനൈക്യവും ഉണ്ടാക്കുന്നത് ബിജെപി- ആർഎസ്എസ് നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹം ന്യായ് യാത്ര നടത്തുന്നു. ആരാണ് ജനങ്ങൾക്ക് ന്യായം അനുവദിക്കാത്തത്, അത് ബിജെപി ആർഎസ്എസ് കൂട്ടുകെട്ടാണ്. അങ്ങനെയുള്ളപ്പോൾ വയനാട്ടിൽ നിന്ന് മത്സരിക്കുന്നതിലൂടെ രാഹുൽ എന്ത് സന്ദേശമാണ് നൽകുന്നത്? പ്രധാനശത്രുവായി കാണുന്നത് ബിജെപിയെ ആണോ ഇടതുപക്ഷത്തെ ആണോ എന്ന കാര്യം കോൺഗ്രസ് പരിഗണിക്കണം'. ഡി രാജ പറഞ്ഞു.
പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു, മുരളീധരൻ ശിഖണ്ഡി: കെ സുരേന്ദ്രൻ