തിരുവനന്തപുരം: വർക്കല ബീച്ചിൽ വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ച ഫ്ലോട്ടിംഗ് പാലം തകർന്നു. ശക്തമായ തിരയിൽപ്പെട്ടാണ് പാലം തകർന്നത്. 15 പേർ അപകടത്തിൽപ്പെട്ടു. ഇവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളടക്കം അപകടത്തിലായവരുടെ കൂട്ടത്തിലുണ്ട്.
ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. വലിയ തിരമാലകൾ രൂപം കൊള്ളുന്ന ഇടമായതിനാൽ വളരെ സൂക്ഷിച്ച മാത്രമേ പോകാവുള്ളു എന്ന മുന്നറിയിപ്പ് പ്രദേശവാസികൾ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫ്ലോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവരെത്തി നടത്തിയത്.