ആലത്തൂര്: കോടികള് തരാമെന്ന പ്രലോഭനങ്ങളില് താന് വീഴില്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യാ ഹരിദാസ്. ബിജെപിയിലേക്ക് പോകാന് കോടികള് വാഗ്ദാനം ലഭിച്ചാല് എന്തുചെയ്യുമെന്ന ചോദ്യത്തിന് ഇവിടെ ജീവിക്കാന് കോടികള് എന്തിനാണെന്നായിരുന്നു രമ്യയുടെ മറുപടി. റിപ്പോര്ട്ടര് ടിവിയുടെ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി അശ്വമേധത്തില് ഡോ. അരുണ് കുമാറുമായി സംസാരിക്കുകയായിരുന്നു രമ്യ.
അനില് ആന്റണിയും പത്ജയും പോയത് പോലെ രമ്യ നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്, കോടികള് വാഗ്ദാനം ചെയ്താല് എന്തുചെയ്യുമന്ന ചോദ്യത്തിന് രമ്യയുടെ മറുപടി ഇങ്ങനെ; 'ഇവിടെ ജീവിക്കാനെന്തിനാണ് കോടികള്. ഒരു കട്ടന് ചായയും കുടിച്ച് കഞ്ഞിയും പയറും കഴിച്ച് കഴിയുന്ന ജീവിത ശൈലിയാണ് എന്റേത്. കോടികള് തരാമെന്ന പ്രലോഭനത്തിലൊന്നും വീഴില്ല. സുഖസൗകര്യങ്ങളുടെ രാഷ്ട്രീയ ജീവിതത്തില് വളര്ന്നുവന്ന നേതാവല്ല ഞാന്. തിരഞ്ഞെടുപ്പിന്റെ സമയങ്ങളില് പോസ്റ്ററൊട്ടിച്ചും സമരങ്ങളില് പങ്കെടുത്തും വിദ്യാര്ത്ഥികള്ക്കാവശ്യമായ പോരാട്ടങ്ങളില് പങ്കെടുത്തും കടന്നുവന്നയാളാണ് ഞാന്.'
മോദി ഉച്ചഭക്ഷണത്തിന് വിളിച്ചാല് പോകില്ലെന്നും രമ്യ പറഞ്ഞു. ഭക്ഷണം കഴിക്കാനോ വിരുന്നിന് പോകാനോ അല്ല തന്നെ ഇവിടെ നിന്ന് ജനങ്ങള് പാര്ലമെന്റിലേക്ക് അയച്ചിരിക്കുന്നത്. മോദിയുടെ ഭക്ഷണവിരുന്നില് പങ്കെടുക്കില്ലെന്നും രമ്യാ ഹരിദാസ് വ്യക്തമാക്കി.
താന് വിശ്വാസിയാണ്. ചെറുപ്പം മുതല് വൈകിട്ട് നാമം ജപിച്ച് പഠിച്ച് വളര്ന്ന ഒരാളാണ്. ജീവിതത്തില് മുന്നോട്ട് പോകുന്ന സമയങ്ങളില് ആ വിശ്വാസവും എന്നിലുണ്ടാകും. നാമം ജപിക്കണമെന്ന് തന്നോട് പറഞ്ഞ അമ്മൂമ്മ അതേസമയം തന്നെ, മറ്റ് മതവിശ്വാസികള് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്യുന്ന സമയം അവര്ക്ക് അതിന് വേണ്ട സൗകര്യങ്ങള് ഒരുക്കി നല്കേണ്ടതും ഒരു വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞിട്ടുണ്ടെന്നും രമ്യ കൂട്ടിച്ചേര്ത്തു. ഇഡിയുടെ നോട്ടീസ് ലഭിച്ചാല് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഇഡി വന്നാല് എന്തെങ്കിലും അവിടെ വെച്ചിട്ടുപോകുമെന്നായിരുന്നു രമ്യയുടെ മറുപടി.