കോഴിക്കോട്: ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമെന്ന് എം കെ രാഘവന് എം പി. കഴിഞ്ഞ ദിവസം രാത്രി ഷാഫി വിളിച്ച് കരഞ്ഞു. വടകര വേണ്ട, ഡൽഹിയിലുള്ളവരോട് പറയണമെന്ന് ഷാഫി പറഞ്ഞു. ധൈര്യമായി വടകരയിലേക്ക് പോരു എന്ന് താൻ പറഞ്ഞു. ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണെന്നും എം കെ രാഘവന് എം പി പറഞ്ഞു.
വടകരയിൽ യുഡിഎഫിൻ്റെ ലോക്സഭാ സ്ഥാനാര്ത്ഥിയാണ് നിലവിലെ പാലക്കാട് എംഎല്എയായ ഷാഫി പറമ്പില്. വടകരയിലെ സിറ്റിങ് എംപിയായ കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതോടെയാണ് ഷാഫിയെ കോൺഗ്രസ് വടകരയിൽ നിയോഗിച്ചത്. വടകരയില് കെ കെ ശൈലജയാണ് സിപിഐഎം സ്ഥാനാര്ത്ഥി.
സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന് ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫിക്ക് വൻവരവേൽപ്പാണ് യുഡിഎഫ് നേതൃത്വം ഒരുക്കിയത്. കോഴിക്കോട് എം പി എം കെ രാഘവൻ, വടകര എംഎൽഎ കെ കെ രമ അടക്കമുള്ള നേതാക്കള് ഷാഫിയെ സ്വീകരിക്കാൻ വടകരയിൽ എത്തിച്ചേർന്നിരുന്നു. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഷാഫിയെ സ്വീകരിക്കാന് വടകരയിലെത്തി ചേർന്നത്. റോഡ് മാര്ഗം വടകരയിലെത്തിയ ഷാഫിയെ ആനയിക്കാൻ, അവിടെ തുറന്ന വാഹനം ഒരുക്കിയിരുന്നു. കെ കെ രമ എംഎൽഎക്കൊപ്പം തുറന്ന വാഹനത്തിൽ കയറിയ ഷാഫി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.