ചാലക്കുടി: 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വളരെ നിർണായകമായൊരു തിരഞ്ഞെടുപ്പാണെന്ന് ചാലക്കുടി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ എം പി. ഇതുവരെയുള്ള ജനാധിപത്യത്തിന്റെ മാർഗ്ഗത്തിൽ നിന്നും മാറി മറ്റൊരു തരത്തിലേക്ക് ഇന്ത്യ പോകുമോ എന്ന് സംശയിക്കുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇന്ത്യ ഇനി ആരു ഭരിക്കണമെന്ന് ദേശീയതലത്തിൽ ഓരോരുത്തരും എഴുതപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും ഇനി വരാൻ പോകുന്നത് എന്നും അദ്ദേഹം റിപ്പോർട്ടർ അശ്വമേധത്തിൽ പ്രതികരിച്ചു.
ഭരണഘടനയുടെ സംരക്ഷണത്തിൽ ഉള്ള ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും സുരക്ഷിതമായ ഇന്ത്യയാണോ ഇപ്പോൾ ഉള്ളത് എന്നും അദ്ദേഹം ചോദിച്ചു. ഈ തെരഞ്ഞെടുപ്പിന്റെ കാതലായ പ്രശ്നം ആര് എന്നതല്ല, എങ്ങോട്ട് എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട സൂചന അനുസരിച്ച് ചാലക്കുടി മണ്ഡലം യുഡിഎഫിന് അനുകൂലമാണ്. ഇതുവരെ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ചില അപൂർവ്വ തെരഞ്ഞെടുപ്പുകൾ മാത്രം മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം യുഡിഎഫിന് അനുകൂലമായിട്ടാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മഹാഭൂരിപക്ഷത്തോടെ വിജയിച്ചൊരു സ്ഥലമാണ് ചാലക്കുടി. കോൺഗ്രസിലെ നാല് സിറ്റിംഗ് എംഎൽഎമാർ ഉള്ള ഇന്ത്യയിലെ തന്നെ അപൂർവമണ്ഡലങ്ങളിൽ ഒന്നാണ് ചാലക്കുടി മണ്ഡലം. അങ്ങനെയുള്ള ഈ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ ജനങ്ങളുടെ പ്രതികരണം വളരെ അനുകൂലമാണ്. ഇത് നേതാക്കൾക്കും പ്രവർത്തകർക്കും ഉറച്ച ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ മുൻ നേതാക്കളായ ഉമ്മൻ ചാണ്ടിയേയും കെ എം മാണിയേയും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരെയും വളരെ അധികം മിസ് ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യത്തെ ഒരു തെരഞ്ഞെടുപ്പാണിത്. അതൊരു വലിയ വിടവ് തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിട്ടു പോകുന്ന വ്യക്തികൾ ന്യായമായ ഒരു കാരണത്തിന്റെ അടിസ്ഥാനത്തിൽ പോകുന്നവരല്ല, ഏതെങ്കിലും ഒരു ആശയത്തിന്റെയോ ആദർശത്തിന്റെ അടിസ്ഥാനത്തിൽ പോകുന്നവരല്ല. അവർ പോകുന്നത് പാർട്ടിയെ തള്ളിപറഞ്ഞാണ്. ഒരു പാർട്ടിയെ തള്ളിപ്പറഞ്ഞു പോകുമ്പോൾ അതിനെ നേരിടാൻ പാർട്ടിയുടെ ആത്മാർത്ഥമായ പ്രവർത്തകർ രംഗത്ത് വരും. കുറച്ചുകൂടി ആവേശവും അതിലൂടെ ഉണ്ടാകുന്ന ആത്മവിശ്വാസവുമാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി പാർട്ടി വിട്ടു എന്ന് വിചാരിച്ച് കോൺഗ്രസ് നശിച്ചു പോവില്ല. കോൺഗ്രസ് പരാജയവും തോൽവിയും ഒക്കെ ഉണ്ടായിട്ടുണ്ട്. ഇന്നും ഇന്ത്യ മഹാരാജ്യത്തെ വേരുറപ്പുള്ള ഒരു പാർട്ടിയാണ് എന്നും അങ്കമാലിയിൽ നിന്ന് റിപ്പോർട്ടർ അശ്വമേധത്തിൽ ഡോ അരുൺ കുമാറുമായിട്ടുള്ള സംഭാഷണത്തിൽ ബെന്നി ബഹന്നാൻ എം പി പറഞ്ഞു.