കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വീണ്ടും വരികയാണെന്ന വാര്ത്തയാണ് പുറത്തുവരുന്നതെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്. വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്ന വാര്ത്തയാണ്. നിയമം സര്ക്കാര് മുന്നോട്ട് വെച്ചാല് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില് ഏറ്റവും ശക്തമായ പോരാട്ടമാണ് നേരത്തെ ഉണ്ടായിരുന്നത്. സിഎഎ വിരുദ്ധ പ്രതിഷേധത്തില് നിരവധി പേരുടെ ജീവന് ബലിയാടായി. അന്ന് തന്നെ ലീഗ് നിയമപരമായി പോരാട്ടം നടത്തിയിരുന്നു. ഇപ്പോള് നിയമം കൊണ്ടുവരാന് പോകുകയാണെന്നാണ് പുറത്ത് വരുന്നത്. പൂര്ണ്ണമായും വിവരങ്ങള് പുറത്ത് വന്നിട്ടില്ലെന്നും ഇ ടി മുഹമ്മദ് ബഷീര് വ്യക്തമാക്കി.
അത്തരത്തില് നിയമം മുന്നോട്ട് വെച്ചാല് നേരത്തെ കൊടുത്ത കേസിന്റെ അടിസ്ഥാനത്തില് നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും കോടതിയെ സമീപിക്കാന് ആലോചിക്കുകയാണെന്നും ഇ ടി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഏതു വിധത്തില് കൊണ്ടുവരണമെന്ന് സമാന ചിന്താഗതിക്കാരായ ആള്ക്കാരുമായി ചര്ച്ച ചെയ്ത് ആവശ്യമായ നടപടികളും പ്രതിഷേധത്തിന്റെ രൂപവും തീരുമാനിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര് അറിയിച്ചു.