ദേവികുളം: സിപിഐഎം നേതാക്കളെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സിപിഐഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ താൻ മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കുന്നില്ല. തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സംസാരിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയിൽ പോകുമെന്നല്ല. അനുഭവിച്ചത് താനാണെന്നും തിരിച്ച് വന്നാൽ വീണ്ടും സംരക്ഷണം കിട്ടുമെന്ന് എന്താണ് ഉറപ്പെന്നും രാജേന്ദ്രൻ ചോദിച്ചു.
രാജക്കെതിരെ പ്രവർത്തിച്ചുവെന്നത് കെട്ടിച്ചമച്ചതാണ്. കെട്ടിച്ചമച്ചവർക്ക് ഒപ്പം നിന്ന് പോകാൻ കഴിയില്ല. കെ വി ശശിക്ക് നിരവധി ഭാരവാഹിത്വങ്ങളുണ്ട്. പാർട്ടിക്കകത്ത് താൻ തുടരരുതെന്ന് വിചാരിക്കുന്നത് കെ വി ശശിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തഴയുമെന്നതിനാൽ വിശ്വസിച്ച് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേരുമെന്ന പ്രചരണത്തെ എസ് രാജേന്ദ്രൻ നേരത്തേ തള്ളിയിരുന്നു. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഐഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിൽ എത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ട്. തന്നെ പുറത്തു നിർത്തുന്നതിന് പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
സുധാകരന്റെ പരിഹാസം; പിന്നാലെ ഷമയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണൻ