കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം

dot image

കൊച്ചി: കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

വീട്ടമ്മ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലം നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലാണ് മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും പൊലീസിന് മുന്നിൽ ഹാജരാകുന്നത്. ശനിയാഴ്ച എംഎൽഎ സ്ഥലത്തില്ലാത്ത സമയത്ത് ഉദ്യോഗസ്ഥർ വീട്ടിലെത്തി വാതിലിൽ നോട്ടീസ് പതിച്ചു. മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനായി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.

കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ മാത്യു കുഴൽനാടനോടും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡണ്ടിന് വെള്ളിയാഴ്ച തന്നെ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് 26 പേരാണ് ഇതുവരെ അറസ്റ്റിലായത്. 24 പേർക്ക് ജാമ്യം ലഭിച്ചു. രണ്ടുപേർ റിമാന്റിലായി. നിയമപ്രകാരമുള്ള നടപടികൾ പാലിച്ചു മാത്രമേ ഇനി അറസ്റ്റ് പാടുള്ളൂവെന്ന് കോടതി നിർദ്ദേശമുണ്ട്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us