കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. മുസ്ലിം ലീഗ് അദ്ധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചെതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പെട്ടന്ന് നടപ്പാക്കില്ലന്ന് സുപ്രീം കോടതിയിൽ കേന്ദ്രം സത്യവാങ് മൂലം നൽകിയിരുന്നതാണ്. വിഷയത്തിൽ കേസുമായി മുന്നോട്ട് പോകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സുപ്രീം കോടതി ഹർജി സ്വീകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് എല്ലാവരുമായി ചർച്ച നടത്തി ഒറ്റക്കെട്ടായി നീങ്ങുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ.
പൗരത്വ നിയമം നടപ്പാക്കില്ലെന്ന കേന്ദ്ര നിലപാടാണ് തിരഞ്ഞെടുപ്പ് മുന്നില് കണ്ട് മാറ്റിയതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് നിയമവിരുദ്ധമാണ്. കേന്ദ്രത്തിൻ്റെ നീക്കം ദുരുദ്ദേശപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ശരിയല്ല., ഒരു പ്രത്യേക മതത്തിന് നൽകില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഒരേ നിലപാടുള്ള പാർട്ടികളെ ഒപ്പം ചേർത്ത് എതിർക്കും. ഈ മാസം 17ന് ഇൻഡ്യ മുന്നണി യോഗം ചേരും. കോൺഗ്രസ് ശക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്.
കേന്ദ്ര നിലപാട് സംസ്കൃത സമൂഹത്തിന് യോജിച്ചത് അല്ല. ഇൻഡ്യ മുന്നണി മൊത്തത്തിൽ എതിർക്കും. കേരളത്തിൽ ഓരോ കക്ഷികളും വെവേറെ നടത്തും. ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. സിഎഎയ്ക്ക് എതിരെ എടുത്ത കേസുകൾ പിൻവലിച്ചിട്ടില്ല. പുതിയ കേസുകൾ എടുക്കുന്നു എന്ന പരാതിയും ഉണ്ട്. ഇത് ഒരു മുസ്ലിം പ്രശ്നമല്ല, മതേതരത്വത്തെ ബാധിക്കുന്ന ഒന്നാണ്.കോൺഗ്രസിന് പരമാവധി സീറ്റ് ലഭിക്കുകയാണ് ആവശ്യം. ഇൻഡ്യ മുന്നണി അധികാരത്തിൽ വരിക എന്നത് മാത്രമാണ് ഇതിനൊക്കെ ഒരു പരിഹാരം എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകാരിക പ്രതികരണം ബിജെപിക്കാണ് ഗുണം ചെയ്യുക. ബുദ്ധിപരമായാണ് വിഷയം കൈകാര്യം ചെയ്യേണ്ടത്. നിയമസഭയില് പ്രമേയം പാസാക്കിയത് ഒറ്റക്കെട്ടായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപിയുടേത് കുടില രാഷ്ട്രീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. സിഎഎ ഭരണഘടനാ വിരുദ്ധമാണ്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്ന് ഇ ടി മുഹമ്മദ് ബഷീർ വിമർശിച്ചു. പാർലമെൻ്റിൽ എന്തുകൊണ്ട് നോട്ടിഫിക്കേഷൻ വെച്ചില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ ചോദിച്ചു. പാർലമെൻ്റ് നാല് കൊല്ലമായി അവിടെ തന്നെ ഉണ്ടായിരുന്നു. അവരുടെ കാപട്യം തുറന്ന് കാട്ടും എന്നത് കൊണ്ടാണ് നോട്ടിഫിക്കേഷൻ പാർലമെൻ്റില് വെക്കാതെ ഇരുന്നതെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
പൗരത്വം എന്നത് തന്നെ മതേതരമാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ലോകത്ത് എവിടെയും മതം പൗരത്വത്തിന് മാദണ്ഡമല്ലെന്ന് സമദാനി പറഞ്ഞു. ഭിന്നിപ്പ് ഉണ്ടാക്കുകയല്ല ഇടതുപക്ഷം ചെയ്യേണ്ടത്. അവർക്ക് ചെയ്യാൻ ഉള്ളത് ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആപത്ത് വരുമ്പോൾ ഭിന്നിപ്പുണ്ടാക്കാൻ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.