തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഴ്ച, കള്ളവോട്ടിന് സാധ്യത; ബേപ്പൂർ മണ്ഡലത്തില് ഒരാള്ക്ക് മൂന്ന് വോട്ട്

മൂന്ന് ഐഡി കാർഡുകളിൽ രണ്ടെണ്ണം റദ്ദുചെയ്യാൻ ഓൺലൈനിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഷാഹിർ.

dot image

കോഴിക്കോട്: കള്ളവോട്ടിന് വഴിയൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഴ്ചയും. കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിലാണ് ഒരാൾക്ക് തന്നെ മൂന്ന് വ്യത്യസ്ത നമ്പറുകളിൽ വോട്ടേഴ്സ് ഐഡി കാർഡ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗുരുതരമായ വീഴ്ച കണ്ടെത്തി തിരുത്താൻ കമ്മിഷന് സാധിച്ചിട്ടില്ല. വോട്ടർ പട്ടിക അരച്ചുകലക്കി പരിശോധിക്കുന്ന രാഷ്ട്രീയ പാർട്ടികളും അനങ്ങിയില്ല.

കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ ബേപ്പൂർ ഇരുപത്തിനാലാം നമ്പർ ബൂത്തിലാണ് ഒരാൾക്ക് മൂന്ന് വോട്ട് അനുവദിച്ചത്. ഷാഹിർ ഷാഹുൽ ഹമീദെന്ന വോട്ടർക്കാണ് ക്രമനമ്പർ 1197, 441, 1188 പ്രകാരം വോട്ടുള്ളത്. പേരും വിലാസവും ഫോട്ടോയുമെല്ലാം ഒന്നു തന്നെ. മാറ്റമുള്ളത് വോട്ടർ ഐഡി നമ്പറിനും, ക്രമനമ്പറിലും മാത്രം. വീഴ്ചയ്ക്ക് തെളിവായി കഴിഞ്ഞ ദിവസം പുതിയ മൂന്ന് വോട്ടേഴ്സ് ഐഡി കാർഡും തപാലിൽ വീട്ടിലെത്തി. മൂന്ന് ഐഡി കാർഡുകളിൽ രണ്ടെണ്ണം റദ്ദുചെയ്യാൻ ഓൺലൈനിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഷാഹിർ. ഇത്തരം വീഴ്ചകള് വേറെയും സംഭവിച്ചിട്ടുണ്ടാകില്ലേ എന്നാണ് ആശങ്ക ഉയരുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില് വ്യാപക കള്ളവോട്ട് സംഭവിക്കില്ലേ എന്നും ചോദ്യങ്ങളുയരുന്നു.

dot image
To advertise here,contact us
dot image