അവസാനത്തെ ആയുധം പ്രയോഗിച്ചിരിക്കുകയാണ്, രാജ്യത്തെ വിഭജിക്കാനാണ് മോദിയുടെ ശ്രമം: കെ മുരളീധരൻ

വിഭജനം നടത്തി വോട്ടു പിടിക്കുകയെന്നത് മോദിയുടെ ദുഷ്ടലാക്കാണ്. ഒരുപാട് ആയുധങ്ങൾ പ്രയോഗിച്ചു നോക്കി, ഒന്നും ചെലവായില്ല. ഇപ്പോൾ അവസാനത്തെ ആയുധം പ്രയോഗിച്ചിരിക്കുകയാണ്.

dot image

തൃശ്ശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നേതാവും തൃശ്ശൂരിലെ സ്ഥാനാര്ത്ഥിയുമായ കെ മുരളീധരൻ രംഗത്ത്. നിയമം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വിഭജനം നടത്തി വോട്ടു പിടിക്കുകയെന്നത് മോദിയുടെ ദുഷ്ടലാക്കാണ്. ഒരുപാട് ആയുധങ്ങൾ പ്രയോഗിച്ചു നോക്കി, ഒന്നും ചെലവായില്ല. ഇപ്പോൾ അവസാനത്തെ ആയുധം പ്രയോഗിച്ചിരിക്കുകയാണ്. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ ഈ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം, നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കൂടിയാണ് ഇപ്പോൾ സിഎഎ നടപ്പാക്കിയത് എന്നും വിമർശനമുണ്ട്.

ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി ജാമിയ മില്ലിഅ സർവ്വകലാശാല എന്നിവിടിങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്സ് യൂണിയൻ ഗുവാഹത്തിയിൽ സിഎഎ നോട്ടിഫിക്കേഷൻ കത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞു. അസമിൽ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷൻ ബബൻ ചൗധരിക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. ദില്ലി ഷഹീൻ ബാഗിൽ പൊലീസിൻ്റെ ഫ്ലാഗ് മാർച്ച് നടന്നു. പരിധിവിട്ടുള്ള പ്രതിഷേധങ്ങളോ ആഹ്ളാദപ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര് അറിയിച്ചു. പ്രശ്നബാധിതമായ മേഖലകളില് ജാഗ്രത പുലര്ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്ദേശവുമുണ്ട്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്. നിയമ ഭേദഗതിയുടെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം.

dot image
To advertise here,contact us
dot image