കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല, സിഎഎ സംസ്ഥാനത്തും നടപ്പാക്കും: കെ സുരേന്ദ്രൻ

പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല.

dot image

തിരുവനന്തപുരം: സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതി. നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല.

കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് ഉണ്ട്. രാജ്യത്തെ ആദ്യത്തെ ക്യാമ്പ് കേരളത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ അടയ്ക്കാനാണ് ക്യാമ്പ്. പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പിണറായി സർക്കാർ ക്യാമ്പ് സ്ഥാപിച്ചു. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ നിലവിൽ വന്നത് ഭരണഘടന വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് പ്രതികരിച്ചു. വർഗീയത പറഞ്ഞ് വോട്ട് നേടാൻ വേണ്ടി ഒരു വിഭാഗത്തെ ഉപയോഗിക്കുന്നു എന്നും ഈ വിഷയത്തെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കും എന്നും ശശി തരൂർ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ നിയമം പിൻവലിക്കും. നിയമം കേരളത്തിൽ നടപ്പിലാക്കിയോ ഇല്ലയോ എന്നതല്ല പ്രധാനം, ഭാരതത്തിൽ നടപ്പിലാക്കി എന്നതാണ് പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഇതിന് പിന്നിൽ തികഞ്ഞ രാഷ്ട്രീയ ദുരുദ്ദേശമാണ് എന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us