കോഴിക്കോട്: പാര്ലമെന്റില് എല്ഡിഎഫ് സര്ക്കാരിന്റെ നിലപാട് പറഞ്ഞതിനാണോ ടി എന് പ്രതാപന് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന് അര്ഹതപ്പെട്ട പണം കേന്ദ്രം നല്കാത്തതില് ഒരു എംപി മാത്രമാണ് പാര്ലമെന്റില് ശബ്ദം ഉയര്ത്തിയത്. അത് ടി എന് പ്രതാപനാണ്. ഇപ്പോള് ടി എന് പ്രതാപന് സീറ്റില്ലാത്ത അവസ്ഥയാണെന്നും റിയാസ് വിമര്ശിച്ചു.
'ഒരുമിച്ച് നില്ക്കേണ്ട സന്ദര്ഭത്തില് കോണ്ഗ്രസ് എംപിമാര് സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. കേരളത്തിന് അര്ഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോണ്ഗ്രസ് എംപിയും പാര്ലമെന്റില് മിണ്ടിയില്ല. എന്തെങ്കിലും മിണ്ടിയത് ടി എന് പ്രതാപന് മാത്രമാണ്. ഇപ്പോള് പ്രതാപന് സീറ്റില്ലാത്ത അവസ്ഥയാണ്. കേരളത്തിലെ ജനങ്ങള്ക്കൊപ്പം നിന്ന് എല്ഡിഎഫ് സര്ക്കാരിന്റെ നിലപാട് പാര്ലമെന്റില് പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്?', റിയാസ് ചോദിച്ചു.
തൃശൂരില് നിന്നുള്ള കോണ്ഗ്രസ് എംപിയാണ് ടി എന് പ്രതാപന്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് കെ മുരളീധരനാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി. ടി എന് പ്രതാപന് തന്നെയാകും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്ട്ടുകള്. അവസാന നിമിഷമാണ് വടകര എംപിയായ കെ മുരളീധരന്റെ പേര് പ്രഖ്യാപിച്ചത്.