ന്യൂഡല്ഹി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല് കേസില് സര്ക്കാരിനെതിരെ വിമര്ശനവുമായി സുപ്രീംകോടതി. സര്ക്കാര് കുറ്റാരോപിതനുമായി കൈകോര്ക്കുകയാണെന്ന് സുപ്രീംകോടതി വിമര്ശിച്ചു. സര്ക്കാരിന്റെ മറുപടി സത്യവാങ്മൂലം വൈകുന്നതെന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സി ടി രവികുമാര്, രാജേഷ് ബിന്ഡല് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സത്യവാങ്മൂലം നല്കാന് കേരളത്തിന് കോടതിയുടെ കര്ശന നിര്ദേശമുണ്ട്. വളരെ പ്രധാനപ്പെട്ട കേസാണിതെന്നും ജനങ്ങള്ക്ക് ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാന് ഇതുപോലുള്ള നടപടികള് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആന്റണി രാജു പ്രതിയായ തൊണ്ടിമുതല് കേസ് പുനരന്വേഷിക്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തുടര്ന്ന് ഹൈക്കടോതി വിധി സ്റ്റേ ചെയ്തിരുന്നു. തുടര്ന്ന് കേസില് സത്യവാങ്മൂലം നല്കാന് സംസ്ഥാന സര്ക്കാരിനോട് നിര്ദേശിക്കുകയും ചെയ്തിരുന്നു. ഇതുവരെയും മറുപടി സത്യവാങ്മൂലം സമര്പ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലില് കൃത്രിമം കാണിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ഏപ്രിലില് തിരുവനന്തപുരം വിമാനത്താവളത്തില് ലഹരിമരുന്ന് കേസില് പിടിയിലായ ഓസ്ട്രേലിയന് പൗരനെ ശിക്ഷയില് നിന്ന് രക്ഷപ്പെടുത്താന് തൊണ്ടിയായ അടിവസ്ത്രത്തില് കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. കേസില് മന്ത്രി ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമാണ്.