വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; സർക്കാർ ഏജൻസികൾക്ക് എതിരെയും നടപടിക്ക് സാധ്യത

ടൂറിസം ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറും

dot image

തിരുവനന്തപുരം: വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ സർക്കാർ ഏജൻസികൾക്ക് എതിരെ നടപടിക്ക് സാധ്യത. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കും മേൽനോട്ടത്തിൽ പിഴവുണ്ടായന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ടൂറിസം ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറും.

അഡ്വഞ്ചർ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ചുമതല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കുമാണ്. ശക്തമായ തിരമാലയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് വർക്കലയിൽ കഴിഞ്ഞ ശനിയാഴ്ച ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചത്. ഈ സമയം കരാർ കമ്പനിയായ ജോയ് വാട്ടർ സ്പോർട്സിന്റെ ജീവനക്കാർ മാത്രമാണ് ബീച്ചിൽ ഉണ്ടായിരുന്നത്.

ബ്രിഡ്ജിന്റെ മേൽനോട്ടത്തിനോ, അറ്റകുറ്റപ്പണികൾ വിലയിരുത്താനോ സർക്കാർ ഏജൻസികൾ ഉണ്ടായിരുന്നില്ല. കരാർ കമ്പനിക്ക് ഒപ്പം സർക്കാർ ഏജന്സികളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ടൂറിസം ഡയറ്കടർ പിബി നൂഹിന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസിന് ഇന്ന് കൈമാറും. കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല എന്നാണ് കരാർ കമ്പനിയുടെ വാദം. ഇക്കാര്യം ടൂറിസം വകുപ്പ് പരിശോധിക്കും.

ഇന്നലെ ജില്ലാ കളക്ടറും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശനിയാഴ്ച വർക്കല പാപനാശം ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നുണ്ടായ അപകടത്തിൽ 15 പേരാണ് കടലിൽ വീണത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് വിനോദ സഞ്ചാരികൾ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ, അസമിൽ ഇന്ന് ഹർത്താൽ
dot image
To advertise here,contact us
dot image