കൊച്ചി: സിപിഐഎമ്മിലേക്ക് എല്ഡിഎഫ് കണ്വീനര് ക്ഷണിച്ചിരുന്നുവെന്ന് കെപിസിസി ജനറല് സെക്രട്ടറി ദീപ്തി മേരി വര്ഗീസ്. പ്രത്യേക സാഹചര്യത്തില് തന്നെ സമീപിച്ചിരുന്നു. അപ്പോള് തന്നെ ക്ഷണം നിരസിച്ചിരുന്നുവെന്നും ദീപ്തി മേരി വര്ഗീസ് പറഞ്ഞു.
തൃക്കാകര ഉപതിരഞ്ഞെടുപ്പില് ദീപ്തി മേരി വര്ഗീസിനെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി പരിഗണിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഉമ തോമസിനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തില് ഇ പി ജയരാജന് സിപി ഐഎമ്മിലേക്ക് തന്നെ ക്ഷണിച്ചെന്നാണ് ദീപ്തി മേരി വര്ഗീസ് പറയുന്നത്. എറണാകുളത്തെ കോണ്ഗ്രസ് വനിതാ നേതാവിനെ പാര്ട്ടിയിലെത്തിക്കാന് ഇ പി ജയരാജന് താന് മുഖേനെ ശ്രമിച്ചിരുന്നുവെന്ന് ദല്ലാള് നന്ദകുമാര് പറഞ്ഞിരുന്നു. ഇതിനെ തുടര്ന്ന് ഇക്കാര്യം ചര്ച്ചയായത്.
തനിക്ക് വാഗ്ദാനങ്ങള് നല്കിയിരുന്നില്ല. തനിക്ക് കൂടുതല് ഒന്നും ചിന്തിക്കാന് ഉണ്ടായിരുന്നില്ല. വെളിപ്പെടുത്തിയവര് കൂടുതല് പറയട്ടെയെന്നും ദീപ്തി മേരി വര്ഗീസ് പറഞ്ഞു.
കോണ്ഗ്രസ് എന്റെ പ്രസ്ഥാനമാണ്. കൂടുതല് സംസാരിക്കാന് താല്പര്യം ഇല്ലെന്ന് അറിയിച്ചു. അവര് പലരെയും സമീപിച്ചിട്ടുണ്ടാകാം. അനാവശ്യമായി വാര്ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ദീപ്തി മേരി വര്ഗീസ് പറഞ്ഞു.