മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില് കണ്ടാലറിയാവുന്ന 15പേർക്കെതിരെ കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസ് എടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, കുറ്റകരമായ നരഹത്യ ശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
വംശീയ അധിക്ഷേപമാണ് മർദ്ദനത്തിന് കാരണമായതെന്നാണ് ഫുട്ബോൾ ടൂർണമെന്റിനിടെ കാണികളുടെ മർദ്ദനമേറ്റ താരം ഹസ്സൻ ജൂനിയർ റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞത്. ഫൈവ്സ് ടൂർണമെന്റിനായാണ് താൻ അരീക്കോട് പോയത്. മത്സരത്തിൽ താൻ ഗോൾ നേടിയതോടെ കാണികളിൽ ചിലർ തന്നെ 'ബ്ലാക്ക് മങ്കി' എന്ന് വിളിച്ചതായും താരം പരാതിപ്പെട്ടു.
തന്നെ അധിക്ഷേപിച്ചതിനെതിര ഷൗട്ട് ചെയ്തപ്പോൾ കാണികൾ കല്ലുകൊണ്ട് തന്റെ തലക്കെറിഞ്ഞു. പിന്നാലെ കാണികൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്തു. ആഫ്രിക്കൻ ആളുകൾ ഇവിടെ സുരക്ഷിതരല്ല. മുമ്പും പലതവണ ഇത്തരം ആക്രമണങ്ങൾ ആഫ്രിക്കൻ ആളുകൾക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും താരം പ്രതികരിച്ചു.
ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ജീവിക്കാൻ വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കണ്ട തന്റെയും സുഹൃത്തുക്കളുടെയും കുടുംബം വിഷമത്തിലാണ്. ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടലുണ്ടാകണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളെല്ലാവരും മനുഷ്യരാണ്, ഇന്ത്യയെ സ്നേഹിക്കുന്നു. ഫുട്ബോളിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇവിടേയ്ക്ക് വരുന്നതെന്ന് മർദ്ദനത്തിനിരയായ ഐവറികോസ്റ്റ് താരം ഹസ്സൻ ജൂനിയർ വ്യക്തമാക്കിയത്.