കൊച്ചി: തിരഞ്ഞെടുപ്പില് ഓരോ വോട്ടും നിര്ണ്ണായകമാണ്. അത് പാഴാക്കാതെ സ്വന്തം പെട്ടിയിലാക്കുന്നതിലാണ് രാഷ്ട്രീയ പാര്ട്ടികളുടെ മിടുക്ക്. അത്തരമൊരു കാഴ്ച്ചയാണ് നമുക്ക് കൊച്ചിയില് കാണാനാവുക. ആലത്തൂരിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ രാധാകൃഷ്ണന് വോട്ട് തേടിയുള്ള പോസ്റ്റര് കൊച്ചിയില് കണ്ടാല് ആരും സംശയിക്കും 'അയ്യോ ഫ്ളാറ്റ് മാറിയോ?' എന്ന്. എന്നാല് ഫ്ളാറ്റ് മാറിയില്ലെന്ന് മാത്രമല്ല, വോട്ട് ചില്ലറകളിയല്ലെന്നാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണം സൂചിപ്പിക്കുന്നത്.
കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യര്ത്ഥിച്ച് ബ്രോഡ് വേ അടക്കമുള്ള എറണാകുളത്തെ വിവിധ മാര്ക്കറ്റുകളില് പോസ്റ്റര് കാണാം. എറണാകുളത്തെ എല്ഡിഎഫ്, യുഡിഎഫ് സ്ഥാനാര്ത്ഥികള്ക്കിടയിലാണ് കെ രാധാകൃഷ്ണന്റെയും പോസ്റ്റര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുന്നംകുളം ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഈ വോട്ടുപിടിത്തം. മേത്തര് ബസാര്, ജ്യൂ സ്ട്രീറ്റ്, ഹോല്സെയില് ബസാര് കച്ചവടക്കാരുടെയും ജീവനക്കാരുടെയും സംഘടനയാണിത്.
ആലത്തൂര് മണ്ഡലത്തില്പ്പെടുന്ന അറുന്നൂറോളം വോട്ടര്മാര് കടയുടമകളായും ജീവനക്കാരായും കൊച്ചിയിലുണ്ട്. ഇവരുടെ വോട്ട് ലക്ഷ്യംവെച്ചാണ് ഈ പ്രചാരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് കുന്നംകുളം മണ്ഡലത്തില് നിന്നുള്ള സ്ഥാനാര്ത്ഥി എ സി മൊയിതീന് വേണ്ടിയും പ്രചാരണം നടന്നിരുന്നു. മണ്ഡലത്തില് നിന്നും കെ രാധാകൃഷ്ണന് ജയിക്കാന് വേണ്ടിയാണ് ഇതെന്നും മന്ത്രി കൂടിയായ രാധാകൃഷ്ണന് ജയിക്കുമെന്നും ഇവര് ആത്മവിശ്വാസം പങ്കുവെച്ചു. രമ്യാഹരിദാസ് വിജയിച്ചശേഷം മണ്ഡലത്തില് വന്നിട്ടില്ലെന്നും കെഡിഎഫുകാര് വിമര്ശനം ഉയര്ത്തി. വോട്ടര്മാരെ കുന്നംകുളത്തെത്തിക്കാന് ബസ് സര്വ്വീസ് ആരംഭിക്കാനും ഇവര്ക്ക് പദ്ധതിയുണ്ട്.