കൊട്ടാരക്കര: അടുത്ത ടേമില് കെപിസിസി അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കൊടിക്കുന്നില് സുരേഷ്. അതിനെക്കുറിച്ച് തനിക്ക് അറിവില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം പാര്ട്ടിയാണ് തീരുമാനിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും അത്തരം ചര്ച്ചകള് നടക്കുകയെന്ന് കൊടിക്കുന്നില് സുരേഷ് പറഞ്ഞു. റിപ്പോര്ട്ടര് ടി വി അശ്വമേധം പരിപാടിയിലായിരുന്നു കൊടിക്കുന്നില് സുരേഷിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനാകാന് ആഗ്രഹമുണ്ടെന്ന് പല തവണ ആഗ്രഹം പ്രകടിപ്പിച്ച നേതാവാണ് കൊടിക്കുന്നില് സുരേഷ്. പലതവണ പേര് ചര്ച്ചകളില് ഇടംപിടിച്ചിരുന്നെങ്കിലും നടന്നില്ല.
പത്മജ വേണുഗോപാല് പാര്ട്ടി വിടരുതായിരുന്നുവെന്ന് കൊടിക്കുന്നില് സുരേഷ് പറഞ്ഞു. എന്തെങ്കിലും പ്രശ്നം നേരിട്ടിരുന്നെങ്കില് പരിഹരിക്കാമായിരുന്നു. പാര്ട്ടി മാറുമെന്ന് സൂചന ലഭിച്ചില്ല. മാറുമെന്ന് വിശ്വസിക്കാനും കഴിഞ്ഞില്ല. അച്ഛന്റെ രാഷ്ട്രീയ നീക്കങ്ങള് കണ്ടുവളര്ന്ന നേതാവാണ് പത്മജ. രാഷ്ട്രീയത്തില് എല്ലാവര്ക്കും ആഗ്രഹിക്കുന്ന എല്ലാം കിട്ടിയെന്ന് വരില്ലെന്നും കൊടിക്കുന്നില് അഭിപ്രായപ്പെട്ടു. പാര്ട്ടി വിടുന്നത് കേരളത്തിലാണ് പുതുമ നിറഞ്ഞ കാര്യം. നോര്ത്ത് ഇന്ത്യയില് ഇത് സാധാരണമാണെന്നും കൊടിക്കുന്നില് അഭിപ്രായപ്പെട്ടു.
കൊടിക്കുന്നില് സുരേഷ് ബിജെപിയില് പോകുമോയെന്ന ചോദ്യത്തിന് തനിക്ക് സ്ഥാനമാനത്തോടോ പണത്തോടോ ആര്ത്തിയില്ല, പട്ടിണികിടന്നു വളര്ന്നയാളാണ് എന്നായിരുന്നു മറുപടി. ഇഡിയെ വിട്ട് പേടിപ്പിച്ചാല് ബിജെപിയില് പോകുമോയെന്ന ചോദ്യത്തോട് ഇഡി തനിക്ക് എന്തെങ്കിലും തന്നിട്ട് പോകുമെന്നും കൊടിക്കുന്നില് ഹാസ്യരൂപേണ മറുപടി നല്കി.
'എന്റെ അടുത്ത് ഒരു ബിജെപി നേതാവും വന്നിട്ടില്ല. പല ബിജെപി നേതാക്കളുമായി അടുപ്പമുണ്ട്. ലോക്സഭയില് സിംഹ കുട്ടികളായാണ് കോണ്ഗ്രസുകാര് പ്രവര്ത്തിക്കുന്നത്. പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് വിളിക്കില്ല. ആ കെണിയില് വീഴില്ല. അത് പ്രധാനമന്ത്രിക്കും എനിക്കും അറിയാം. എന്റെ ഉപ്പും ചോറും കോണ്ഗ്രസാണ്. അത് മറക്കില്ല. ജീവിതാവസാനം വരെ കോണ്ഗ്രസായിരിക്കും', കൊടിക്കുന്നില് പറഞ്ഞു.