കോട്ടയം: പത്തനംതിട്ട സീറ്റ് സംബന്ധിച്ച് തര്ക്കങ്ങളൊന്നുമില്ലെന്ന് ബിജെപി നേതാവ് പി സി ജോര്ജ്. താന് ആരോടും സീറ്റ് ചോദിച്ചിട്ടില്ല. സീറ്റ് ലഭിച്ചാലും നില്ക്കാന് പറ്റാത്ത സാഹചര്യമായിരുന്നു. അതൊന്നും പുറത്ത് പറയാത്തതാണ്. സീറ്റ് കിട്ടരുതേയെന്ന് താന് പ്രാര്ത്ഥിച്ചിരുന്നുവെന്നും പി സി ജോര്ജ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
പിസി ജോര്ജ് നില്ക്കണം എന്ന ആവശ്യമുയര്ന്നപ്പോള് താന് പ്രതിസന്ധിയിലായി. മുകളില് നിന്ന് നില്ക്കാന് പറഞ്ഞാല് നില്ക്കാതിരിക്കാനാകില്ല. നിന്നാല് ഗതിയെന്താകുമെന്ന് തനിക്കറിയാം. അതുകൊണ്ട് സീറ്റ് കിട്ടാത്തതില് പ്രശ്നങ്ങളൊന്നുമില്ലെന്നും പി സി ജോര്ജ് പ്രതികരിച്ചു.
എന്ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും പി സി ജോര്ജ് ഉന്നയിച്ചു. സീറ്റ് തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ആ നേതാവ് ജീവനും കൊണ്ട് ഓടി. ഘടകകക്ഷിയുടെ പേര് വെളിപ്പെടുത്താന് ഇപ്പോള് ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ഘടകകക്ഷികളും അങ്ങനെയല്ലെന്നും പി സി ജോര്ജ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
എന്ഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് നല്കിയ ഇടുക്കി, കോട്ടയം സീറ്റുകളില് സ്ഥാനാര്ത്ഥി പ്രഖ്യാപനം വൈകുകയാണ്. ബിഡിജെഎസ് ബിജെപിയല്ല. ബിജെപിയോട് ഒട്ടി നില്ക്കുന്ന ഒരു പാര്ട്ടിമാത്രമാണെന്നും താന് ബിജെപിയാണെന്നും പി സി ജോര്ജ് റിപ്പോര്ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.
പ്രകാശ് ജാവദേക്കറിന്റെ പൂഞ്ഞാര് സന്ദര്ശനത്തില് സംസ്ഥാന രാഷ്ട്രീയ കാര്യങ്ങള് ചര്ച്ചയായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നില എങ്ങനെ ഭദ്രമാക്കി കൊണ്ടുപോകാനാകുമെന്ന് ആലോചിച്ചു. താന് യഥാര്ത്ഥ ചിത്രം അദ്ദേഹത്തിന്റെ മുന്നില് തുറന്നുകാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംഭവിക്കാന് സാധ്യതയുള്ള കാര്യങ്ങള് ശ്രദ്ധയില്പ്പെടുത്തിയെന്നും പി സി ജോര്ജ് കൂട്ടിച്ചേര്ത്തു.
'എന്ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടത്തിന് ശ്രമിച്ചു, രണ്ട് കോടി ആവശ്യപ്പെട്ടു': പി സി ജോര്ജ്