ആലത്തൂര്‍: പാട്ട് പാടി പ്രചാരണം നടത്തരുതെന്ന് കോണ്‍ഗ്രസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് സിറ്റിംഗ് എംപിയും ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലെ വാര്‍ത്തയോടാണ് രമ്യയുടെ പ്രതികരണം. 'സഖാക്കള്‍ ആകെ അങ്കലാപ്പിലാണ്. അതിനിടയില്‍ പാട്ടുകൂടി വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്', എന്ന അടിക്കുറിപ്പോടെ ചെണ്ടമേളത്തിനൊപ്പം പാട്ടുപാടുന്ന വീഡിയോ രമ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
പാട്ടുപാടുന്നത് കെ രാധാകൃഷ്ണനെപ്പോലെയുള്ള സീനിയറും ശക്തനുമായ എതിരാളിയോട് വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നുവെന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ പാട്ടുപാടി തന്നെയാണ് പ്രചാരണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുന്നതാണ് രമ്യ പങ്കുവെച്ച വീഡിയോ.