ആലപ്പുഴ: കെ സി വേണുഗോപാൽ തനിക്കെതിരെ നൽകിയ മാനനഷ്ട കേസിനെ സന്തോഷ പൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. 2004 ൽ ശിശ്റാം ഓല മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ തീവട്ടി കൊള്ളയാണ് നടന്നത്. പിന്നീട് ശിശ് റാം ഓലയെ കോൺഗ്രസിന് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു. ഉന്നയിച്ച കാര്യങ്ങളുടെ രേഖ ഇല്ലാതെ ഒന്നും ഉന്നയിക്കാറില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
രാജസ്ഥാനിലെ ശിശ്റാം ഓലയുമായി ചേർന്നാണ് വേണുഗോപാൽ ബെനാമി ഇടപാട് നടത്തിയത്. 2004-2009 കാലഘട്ടത്തിലായിരുന്നിത്. ശിശ്റാം ഓലയുടെ മീറ്റിങ്ങിന് ശേഷം കേരളത്തിൽ കർത്തയുടെ വിവാദ കമ്പനി 2004 -09 കാലത്ത് വൻ തോതിൽ ഭൂമി വാങ്ങി കൂട്ടിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
ഉഗാണ്ടയിലല്ല രാജസ്ഥാനിലെ ജുൻജുൻ മണ്ഡലമെന്നും ദുബായിലേക്ക് ഒക്കെ കെ സി വേണുഗോപാൽ എത്ര യാത്ര നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. അന്വേഷണം വരുമ്പോൾ അതിലൊക്കെ മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കെ സി വേണുഗോപാലിന് എതിരായ ആരോപണത്തിൽ പരാതി നൽകിയെന്നും പരാതി എത്തേണ്ടിടത്ത് എത്തി കഴിഞ്ഞെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ബെനാമി ഇടപാടിലൂടെ വേണുഗോപാല് 1000 കോടിയോളം രൂപ സമ്പാദിച്ചു എന്ന് റിപ്പോർട്ടർ അശ്വമേധം പരിപാടിയിലായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. രാജസ്ഥാനിലെ മുന് മൈനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല് കോടികൾ ഉണ്ടാക്കിയെന്നും ശോഭാ ആരോപിച്ചിരുന്നു. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന ആരോപണവും ശോഭാ സുരേന്ദ്രൻ മുന്നോട്ടുവെച്ചു. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ സി വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.
ശോഭാ സുരേന്ദ്രൻ്റെ ആരോപണത്തിനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ ക്രമിനൽ മാനനഷ്ട കേസ് നൽകിയിരുന്നു. റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയത്. ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നൽകിയിരിക്കുന്നത്.