സമഗ്ര എവിജിസി-എക്സ്ആര് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; 50,000 തൊഴിലവസരങ്ങള് സൃഷ്ടിക്കും

അനിമേഷന്, വിഷ്വല് ഇഫക്ട്സ്, ഗെയ്മിംഗ്, കോമിക്സ് - എക്സറ്റെന്ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്) മേഖലയ്ക്കായി സമഗ്ര നയം പുറത്തറിക്കി സംസ്ഥാന സര്ക്കാര്

dot image

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്, വിഷ്വല് ഇഫക്ട്സ്, ഗെയ്മിംഗ്, കോമിക്സ് -എക്സറ്റെന്ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്) മേഖലയ്ക്കായി സമഗ്ര നയം പുറത്തറിക്കി സംസ്ഥാന സര്ക്കാര്. സാങ്കേതികവിദ്യാ രംഗത്ത് മുന്പന്തിയില് നില്ക്കുന്ന സംസ്ഥാനമെന്ന നിലയില് എവിജിസി-എക്സ്ആര് മേഖലയിലെ പതാകവാഹകരാകാന് ഒരുങ്ങുകയാണ് കേരളം.

2029 ഓടെ എവിജിസി-എക്സ്ആര് മേഖലയില് സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ സമഗ്രമായ ഇടപെടലുകൾ വഴി 50,000 തൊഴിലവസരങ്ങള് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില് മള്ട്ടി നാഷണലുകള് ഉള്പ്പെടെ 250 കമ്പനികള് തുടങ്ങും. രാജ്യത്തെ എവിജിസി-എക്സ്ആര് കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന് സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്സ്ആര് ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില് നിന്നാക്കാന് ശ്രമിക്കും.

കേരള സ്റ്റാര്ട്ട്പ്പ് മിഷന്, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല് സര്വ്വകലാശാല, കേരള ടെക്നിക്കല് യൂണിവേഴ്സിറ്റി, സി-ഡിറ്റ്, കേരള ഫൈബര് ഒപ്ടിക് നെറ്റ് വര്ക്ക് (കെ-ഫോണ്), കേരള ഡെവലപ്മന്റ് ഇനോവേഷന് സ്ട്രാറ്റജി കൗണ്സില് (കെ-ഡിസ്ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന് (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്ത്തനമാണ് എവിജിസി-എക്സ്ആര് മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

കെഎസ് യുഎമ്മിന്റെ എമര്ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും ഉള്പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്സ്ആര് സ്റ്റാര്ട്ട്പ്പുകളെ ഇന്ക്യുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വര്ക്ക് നിയര് ഹോം പദ്ധതിയില് എവിജിസി-എക്സ്ആര് ലാബുകള് നിര്മ്മിക്കും.

ഈ മേഖലയില് തിരുവനന്തപരുത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്സ്ആര് അഭിരുചി വളര്ത്തിയെടുക്കാന് വിദ്യാഭ്യാസ പദ്ധതിയില് പരിഷ്കാരങ്ങള് കൊണ്ടു വരും. ആനിമേഷന്, വിഷ്വല് ഇഫക്ട്സ്, ഇ-സ്പോര്ട്സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന് ആന്ഡ് എന്ജിനീയറിംഗ്, വിആര്, എആര്, മാര്ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്സുകള്. ഇത്തരം കോഴ്സുകള് പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര് ഓഫ് പ്രാക്ടീസ് എന്ന നിലയില് പ്രത്യേകമായി ജോലിക്കെടുക്കും.

ഈ മേഖലയിൽ മുൻപരിചയമുള്ളവർക്ക് റെക്കഗനിഷൻ ഓഫ് പ്രൈയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. ഈ രംഗത്ത് പ്രാഗൽഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേർത്ത് ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us