കൊച്ചി: നവകേരള സദസിൽ പരാതി കൊടുത്തതിൻ്റെ പേരിൽ 13 കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കൊച്ചിയിൽ ഭവനനിർമ്മാണ ബോർഡിലെ ജീവനക്കാർക്കെതിരെയാണ് സർക്കാരിൻ്റെ പ്രതികാര നടപടി. ഇതേത്തുടർന്ന് എഐടിയുസിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധ സമരം നടത്താനൊരുങ്ങുകയാണ്.
മുന്നറിയിപ്പില്ലാതെ തൊഴിൽ നഷ്ടപ്പെട്ടതോടെ നിസ്സഹായ അവസ്ഥയിലാണ് ഭവന നിർമ്മാണ ബോർഡിലെ 13 ക്ലീനിംഗ് - സെക്യൂരിറ്റി കരാർ തൊഴിലാളികൾ. ദിവസക്കൂലിയായ 300 രൂപയിൽ ചെറിയ വർധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതിപ്പെട്ടതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
തുച്ഛമായ ശമ്പളം കൂട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചപ്പോൾ ആദ്യമുണ്ടായ പ്രതികാരനടപടി മാസവേതനം 9000 രൂപയിൽ നിന്ന് 7000 മാക്കി വെട്ടിച്ചുരുക്കിയതാണ്. പിന്നാലെ പരാതി നൽകിയവരുടെ കരാർ പുതുക്കാതെ പുതിയ ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് ഉൾപ്പെടെ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന റവന്യൂ ടവറിലെ താൽക്കാലിക ജീവനക്കാർക്കാർക്ക് നേരെയുള്ള സർക്കാരിൻ്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതു തൊഴിലാളി സംഘടനയായ എഐടിയുസി ആണെന്നതും ശ്രദ്ധേയമാണ്.
'നുഴഞ്ഞു കയറിയവരാണ് പ്രശ്നമുണ്ടാക്കിയത്, സംഘാടകരല്ല'; കേരള സർവകലാശാല കലോത്സവം, ന്യായീകരിച്ച് മന്ത്രി