തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില് തിരുവനന്തപുരം മണ്ഡലത്തില് സ്വാധീന ശക്തിയായത് പണമെന്ന് സിപിഐ നേതാവ് സി ദിവാകരന്. വോട്ടുബാങ്കിന്റെ താക്കോലുമായി ഇരിക്കുന്നവര് ഉണ്ട്. ആ താക്കോല് ഉപയോഗിച്ച് വോട്ടുബാങ്ക് തുറന്നാല് ജയിക്കും. താക്കോല് ഉപയോഗിക്കാന് പണം നല്കണമെന്നും സി ദിവാസകരന് റിപ്പോര്ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ തവണ തിരുവനന്തപുരത്തെ എല്ഡിഎഫ് സ്ഥാനാര്ഥി ആയിരുന്നു സി ദിവാകരന്.
ലത്തീന്, സിഎസ്ഐ സഭാ നേതാക്കളെ പല തവണ താന് പോയി കണ്ടിരുന്നു. അവര് കേക്കും ചായയും തന്നു, പ്രാര്ത്ഥിച്ചു തന്നു. എന്നാല് വോട്ട് തന്നോ എന്ന് ചോദിച്ചാല് അറിയില്ല. സ്ഥാപനവത്കരിക്കപ്പെട്ട ചില കേന്ദ്രങ്ങള് സ്ഥാനാര്ത്ഥികളെ വേട്ടയാടി പണം വാങ്ങുന്നുണ്ടെന്നും സി ദിവാകരന് പറയുന്നു.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രവര്ത്തനത്തില് പാളിച്ചയുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് പ്രവര്ത്തകര് സംഘടിതമായി നീങ്ങിയാല് തിരുവനന്തപുരത്ത് എല്ഡിഎഫ് മാത്രമേ ജയിക്കൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില് ആദ്യഘട്ടത്തില് ഉണ്ടായിരുന്ന സംഘടിതശ്രമം ഇടയ്ക്ക് പാളിപ്പോയി. തനിക്ക് അത് ശ്രദ്ധിക്കാന് കഴിഞ്ഞില്ലെന്നും സി ദിവാകരന് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.