ഡീനിനെ ബിജെപി നേതാക്കള് സമീപിച്ചോ? മോദിക്കൊപ്പം ഭക്ഷണത്തിന് വിളിച്ചാല് പോകുമോ?; മറുപടി

'പിണറായി വിജയന് പോയി കെട്ടിപ്പിടിക്കാം കുമ്പിട്ട് നില്ക്കാം, ഏത് തരത്തില് വേണമെങ്കിലും വിധേയപ്പെടാം'

dot image

ഇടുക്കി: രാഷ്ട്രീയം മനസിലില്ലാത്ത ആളുകളാണ് കൂറുമാറുന്നതെന്ന് ഡീന് കുര്യാക്കോസ് എംപി. ബിജെപിയിലേക്ക് പോകാന് ആവശ്യപ്പെട്ട് തന്നെയാരും സമീപിച്ചിട്ടില്ലെന്നും ഡീന് പറഞ്ഞു. റിപ്പോര്ട്ടര് ടിവിയുടെ അശ്വമേധം പരിപാടിയിലായിരുന്നു പ്രതികരണം.

ബിജെപി നേതാക്കള് സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ ആരും സമീപിച്ചിട്ടില്ലെന്നായിരുന്നു ഡീന് കുര്യാക്കോസിന്റെ മറുപടി. രാഷ്ട്രീയം മനസിലില്ലാത്ത ആളുകള് അങ്ങോട്ടും ഇങ്ങോട്ടും പോകും. അധികാരമുള്ളിടത്തേക്കാണ് ആളുകള് പോകുന്നത്. അനില് ആന്റണി പാര്ട്ടിയില് എവിടെയാണുണ്ടായിരുന്നത്? അനില് ആന്റണി കോണ്ഗ്രസ് രാഷ്ട്രീയത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഡീന് കുര്യാക്കോസ് പറഞ്ഞു.

മോദിക്കൊപ്പം ഭക്ഷണത്തിന് ക്ഷണിച്ചാല് പോകുമോ എന്ന ചോദ്യത്തിന്, ഭക്ഷണം കഴിക്കുന്നതിന് യാതൊരു തെറ്റുമില്ലെന്നായിരുന്നു മറുപടി. എത്രയോ നേതാക്കള് മോദിക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കുന്നു. പ്രേമചന്ദ്രന്റെ വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് എല്ലാവര്ക്കുമറിയാം. കമ്മ്യൂണിസ്റ്റുകാരുടെ മൂല്യച്യുതിയെന്നേ ഇതിനെ പറയാനാകൂ. പിണറായി വിജയന് പോയി കെട്ടിപ്പിടിക്കാം കുമ്പിട്ട് നില്ക്കാം, ഏത് തരത്തില് വേണമെങ്കിലും വിധേയപ്പെടാം. അതെല്ലാം എല്ലാവരും കാണുന്നുണ്ട്. മോദി തന്നെ ഭക്ഷണത്തിന് വിളിച്ചാല് പോകും, ഇടുക്കിയിലെ കാര്യം പറയും തിരിച്ചുവരുമെന്നും ഡീന് പ്രതികരിച്ചു.

ഇഡി വരുന്നുണ്ടെന്ന് പറഞ്ഞാലോ എന്ന ചോദ്യത്തിന്, ഇഡി വന്നുകയറിയിട്ട് പോകട്ടെ എന്ന് പറയുമെന്നായിരുന്നു എംപിയുടെ മറുപടി. 100 ശതമാനം സത്യസന്ധമായ രാഷ്ട്രീയപ്രവര്ത്തനം നടത്തുമ്പോള് ആരെ പേടിക്കാനാണ്. 1972ലെ വനനിയമവുമായി ബന്ധപ്പെട്ട ഭേദഗതിക്കായി ഡീന് കുര്യാക്കോസ് എന്ത് ശബ്ദമുയര്ത്തി എന്നതിന്, കേരളത്തില് നിന്ന് ആകെ സംസാരിച്ചിട്ടുള്ള ആള് താനാണെന്ന് ഡീന് കുര്യാക്കോസ് പറഞ്ഞു. അനാവശ്യമായ പ്രചാരണം നടത്തി, പത്ത് പ്രാവശ്യം നുണ പറഞ്ഞ് അത് സത്യമാക്കി മാറ്റാന് പറ്റുമെന്ന് 1980കളിലും 90കളിലുമൊക്കെ ഏതെങ്കിലും രാഷ്ട്രീയക്കാര് ചിന്തിച്ചിട്ടുണ്ടാകും. ഇത് മറച്ചുവെക്കാവുന്ന കാര്യമല്ല. ലോക്സഭാ ടിവിയില് വന്നിട്ടുള്ള രേഖകള് ആര്ക്കുവേണമെങ്കിലും ലഭിക്കും. കൃഷിടിയത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി കര്ഷകന് നല്കണമെന്നുള്ള സ്വകാര്യബില്ലുള്പ്പടെ താന് അവതരിപ്പിച്ചിട്ടുണ്ടെന്നും ഡീന് പറഞ്ഞു.

ബിജെപി ഇപ്പോഴും പ്രതിരോധത്തിലാണ് അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് വൈകുന്നത്. പത്ത് വര്ഷത്തോളം രാജ്യം ഭരിച്ച പാര്ട്ടി, ദേശീയ തലത്തില് തന്നെ പ്രാമുഖ്യമുള്ള രാഷ്ട്രീയപാര്ട്ടിയുടെ മാന്യതയും മര്യാദയും അനുസരിച്ചാണോ ബിജെപി പ്രവര്ത്തിക്കുന്നത്? ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത്? ബിജെപി അധികാരത്തില് വരാന് പോകുന്നില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ബിജെപി പ്രവര്ത്തകര്ക്ക് തന്നെയാണെന്നും ഡീന് കുര്യാക്കോസ് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image