കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്സിപ്പാള് മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില് പ്രതികരിച്ച് ഗായകന് ജാസി ഗിഫ്റ്റ്. പരിപാടി അവതരിപ്പിക്കുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി പരിപാടി നിര്ത്താന് ആവശ്യപ്പെട്ടുവെന്നും ആദ്യമായി ആണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ട്ടമായില്ല എന്നായിരുന്നു വാദം. എന്നാല് വിദ്യാര്ഥികള് സമരം ചെയ്തുവെന്നും വിദ്യാര്ഥികള് തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന് വന്ന ആളെയും പ്രിന്സിപ്പാള് അപമാനിച്ചുവെന്ന് ആരോപണമുണ്ട്. കൂടെ പാടാന് വന്ന ആളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പുറത്ത് നിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് മൈക്ക് പിടിച്ചു വാങ്ങി പ്രിന്സിപ്പാള് പറഞ്ഞത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില് കോളേജ് ഡേ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. പാടുന്നതിനിടെ ഉദ്ഘാടകന് ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്കിയിരുന്നതെന്ന നിലപാടെടുത്ത പ്രിന്സിപ്പാള് മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു. പ്രിന്സിപ്പാളിന്റെ നടപടിയില് പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവം വിവാദമായതിന് ശേഷം പ്രതികരണവുമായി ജാസി ഗിഫ്റ്റ് രംഗത്തെത്തുകയായിരുന്നു.