ലൈഫ് വീടുകളിൽ ലോഗോ പതിക്കില്ല, വീട് ഔദാര്യമല്ല, കേന്ദ്ര ആവശ്യം നടപ്പിലാക്കില്ലെന്ന് എം ബി രാജേഷ്

ദാനം കിട്ടിയ വീട് എന്ന പ്രതീതി വ്യക്തിയുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് എം ബി രാജേഷ്

dot image

പാലക്കാട്: വീട് ഒരു ഔദാര്യമല്ലെന്ന് മന്ത്രി എം ബി രാജേഷ്. പിഎംഎവൈ-ലൈഫ് വീടുകളിൽ ലോഗോ പതിപ്പിക്കണമെന്ന് കേന്ദ്രം പറയുന്നത് ശരിയല്ലെന്നും അത് കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ദാനം കിട്ടിയ വീട് എന്ന പ്രതീതി വ്യക്തിയുടെ അന്തസിനെ ഹനിക്കുന്നതാണ്. ലോഗോ പതിപ്പിക്കുന്നത് നടപ്പാക്കാത്തതിനാൽ കേരളത്തിന് കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണ് കേന്ദ്രം. വിഷയം സംബന്ധിച്ച് കത്തയച്ചപ്പോൾ കേന്ദ്രം മറുപടി നൽകാൻ തയ്യാറായില്ലെന്നും എന്ത് സമ്മർദ്ദം വന്നാലും ഒരു ലോഗോയും ഒരു വീട്ടിലും പതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകൾ വയ്ക്കാനുള്ള കരാർ പൂർത്തിയായതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. 3,85,145 വീടുകളുടെ നിർമ്മാണം പൂർത്തിയായി. രാജ്യത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിൻ്റെ പ്രധാന മിഷനുകളിൽ ഒന്നായിരുന്നു ലൈഫ് പദ്ധതി. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിരുന്ന സാഹചര്യത്തിനിടയിലാണ് ഈ നേട്ടം കേരളം നേടിയത്. 17,209 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്രയും തുക അനുവദിച്ചിട്ടില്ല.

88 ശതമാനവും സംസ്ഥാനത്തിൻ്റെ വിഹിതമാണ്. 12.09 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിച്ചത്. 15,000 കോടിയിലധികം രൂപ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. പിഎംഎവൈ ഗ്രാമീൺ പദ്ധതി പ്രകാരം കേരളത്തിന് 2021- 22 ന് ശേഷം ഒരു വീട് പോലും കിട്ടിയിട്ടില്ല. വീടും ഭൂമിയും ഇല്ലാത്തവരായി എട്ട് ലക്ഷം പേർ ഇനിയും അവശേഷിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുന്നുവെന്നും എം ബി രാജേഷ് അറിയിച്ചു.

ഇലക്ട്രൽ ബോണ്ട് വിഷയം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. പത്രങ്ങൾ പലതും സിപിഐഎമ്മും സിപിഐയും ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടില്ല എന്ന് പറയാൻ മടിക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ്. എന്നിട്ടും അതൊന്നും മാധ്യമങ്ങൾ കാണുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറിച്ച് ഉത്സാഹത്തോടെ വാർത്ത കൊടുത്തവർ ഇലക്ട്രൽ ബോണ്ട് വിഷയം എന്തുകൊണ്ട് കൈകാര്യം ചെയ്യുന്നില്ല? വാലും തുമ്പും ഇല്ലാത്ത വിഷയങ്ങളിൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിരുന്ന മാധ്യമങ്ങൾക്ക് വായയടഞ്ഞു പോയോ എന്ന് ചോദിച്ച എം ബി രാജേഷ് എന്ത് കുതന്ത്രങ്ങൾ ചെയ്താലും അധികകാലം ഇലക്ട്രൽ ബോണ്ട് വിഷയം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

സിഎഎ നടപ്പിലാക്കില്ലെന്നത് വോട്ട് ബാങ്ക് കണ്ണു വച്ചുള്ള പ്രസ്താവന; പിണറായിക്കെതിരെ എം എം ഹസ്സന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us