34 മുതല് 78 വരെ, കേരളത്തിലെ ലോക്സഭാ സ്ഥാനാര്ത്ഥികളുടെ പ്രായം ഇങ്ങനെ...

ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി സിപിഐയുടെ പന്ന്യൻ രവീന്ദ്രനാണ്. 78 വയസ്സാണ് തിരുവനന്തപുരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പ്രായം

dot image

കേരളത്തിൽ ആകെ വോട്ട് ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്താണ്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ എത്ര യുവജനങ്ങളുണ്ട്? ഇതുവരെ പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ 70 പിന്നിട്ടവർ 11 പേരാണ്. 60 മുതൽ 69 വരെ പ്രായമുള്ളവർ 18 പേരും 50 മുതൽ 59 വരെ പ്രായമുള്ളവർ 16 പേരുമാണ്. എന്നാൽ 50 വയസ്സിന് താഴെ പ്രായമുള്ളവരായ സ്ഥാനാർത്ഥികൾ വെറും ഒമ്പത് പേർ മാത്രമാണ്. ഇതിൽ തന്നെ 30 നും 39നുമിടയിൽ പ്രായമുള്ളവരാവട്ടെ അഞ്ച് പേർ മാത്രമാണ്. എന്നാൽ 30 ന് താഴെ പ്രായമുള്ള ഒരാൾ പോലുമില്ല.

ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി സിപിഐയുടെ പന്ന്യൻ രവീന്ദ്രനാണ്. 78 വയസ്സാണ് തിരുവനന്തപുരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പ്രായം. 2005–2009 കാലഘട്ടത്തിൽ, തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ജയിച്ച് 14ാം ലോക്സഭയിൽ അംഗമായിരുന്നു പന്ന്യൻ. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും ഇടതുമുന്നണിയുടേതാണ്. മാവേലിക്കരയിൽ നിന്നുള്ള സിപിഐ സ്ഥാനാർത്ഥി സി എ അരുൺകുമാറിന്റെ പ്രായം 34 വയസ്സാണ്. സിറ്റിങ് എംപിമാരിൽ കോൺഗ്രസിന്റെ രമ്യ ഹരിദാസ് മാത്രമാണ് യുവനിരയിൽ നിന്നുള്ളത്. 38 വയസ്സാണ് ആലത്തൂർ എംപിയുടെ പ്രായം.

കാസർകോട്ടെ സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം സിപിഐഎമ്മിന്റെ എം വി ബാലകൃഷ്ണനാണ്, 74 വയസ്സ്. രണ്ടാമൻ സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ, പ്രായം 70. 70 പിന്നിട്ട പരിചയസമ്പന്നരായ രണ്ട് സ്ഥാനാർത്ഥികളോട് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിക്കാകട്ടെ പ്രായം 38 ആണ്. കണ്ണൂരിൽ സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ തന്നെയാണ് പ്രായത്തിൽ ഒന്നാമൻ, 75 വയസ്സ്. ബിജെപി സ്ഥാനാർത്ഥി സി രഘുനാഥിന്റെ പ്രായം 67 ഉം സിപിഐഎം സ്ഥാനാർത്ഥി എം വി ജയരാജന്റെ പ്രായം 63 ഉം ആണ്. താരതമ്യേനെ ചെറുപ്പം എം വി ജയരാജന് തന്നെ.

വടകരയിൽ രണ്ട് യുവ നേതാക്കളോടാണ് മുൻ മന്ത്രിയും നിലവിലെ മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ മത്സരിക്കുന്നത്. 67 വയസ്സാണ് ജനസമ്മതയായ ശൈലജയുടെ പ്രായം. കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് 41ഉം ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയ്ക്ക് 38 വയസ്സുമാണ്. രണ്ട് ദേശീയ നേതാക്കൾ മത്സരിക്കുന്ന മണ്ഡലമാണ് വയനാട്. കോൺഗ്രസിന്റെ യുവ നേതൃനിരയെ നയിക്കുന്ന സിറ്റിങ് എംപി കൂടിയായ രാഹുൽ ഗാന്ധിയുടെ പ്രായം 53 വയസ്സാണ്. എതിർ സ്ഥാനാർത്ഥി സിപിഐയുടെ ആനിരാജയ്ക്ക് പ്രായം 71 ഉം. എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

എം കെ രാഘവൻ എംപിയും എളമരം കരീമും എം ടി രമേശുമാണ് കോഴിക്കോട് മത്സരിക്കുന്നത്. ഒരോ വയസ്സ് വ്യത്യാസമാണ് കോൺഗ്രസ്, സിപിഐഎം സ്ഥാനാർത്ഥികൾക്ക്. എം കെ രാഘവന്റെ പ്രായം 71 ഉം എളമരം കരീമിന്റെ പ്രായം 70 മാണ്. ഇരുവർക്കുമെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ പ്രായം 51ഉം ആണ്. 70 പിന്നിട്ട രണ്ട് പേരോടാണ് മലപ്പുറത്ത് സിപിഐഎമ്മിന്റെ യുവ നേതാവ് വി വസീഫ് മത്സരിക്കുന്നത്. 40 കാരനായ വസീഫിന്റെ കന്നിയങ്കമാണ്. മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രായം 77 വയസ്സാണ്. ബിജെപി സ്ഥാനാർത്ഥി ഡോ. അബ്ദുൽ സലാമിന്റെ പ്രായം 71ഉം. രണ്ട് തലമുതിർന്ന നേതാക്കൾക്കെതിരെ വസീഫ് വോട്ട് തേടുമ്പോൾ മലപ്പുറത്തിന്റെ യുവതലമുറ ആർക്ക് വോട്ട് ചെയ്യുമെന്നത് തിരഞ്ഞെടുപ്പിൽ നിർണായകമാകും.

50 നും 65 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരുടെ മത്സരമാണ് പൊന്നാനിയിൽ നടക്കുന്നത്. മുസ്ലിം ലീഗിന്റെ അബ്ദുസമദ് സമദാനിക്ക് 65 വയസ്സാണ്. സിപിഐഎമ്മിന്റെ കെ എസ് ഹംസയ്ക്ക് 57 വയസ്സും ബിജെപി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന് 52 വയസ്സുമാണ്. ആലത്തൂരിലെ സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രമ്യ ഹരിദാസിന്റെ പ്രായം 38 ആണ്. സിപിഐഎമ്മിന്റെ മന്ത്രി കെ രാധാകൃഷ്ണന് 59 വയസ്സുമാണ്. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്ടെ സ്ഥാനാര്ത്ഥികളുടെ പ്രായം 50 ന് മുകളിലും 70 ന് താഴെയുമാണ്. കോൺഗ്രസിന്റെ വി.കെ.ശ്രീകണ്ഠൻറെ പ്രായം 54 ഉം സിപിഐഎം സ്ഥാനാര്ത്ഥി എ വിജയരാഘവൻറെ പ്രായം 68 ഉം ബിജെപി സ്ഥാനാര്ത്ഥി സി കൃഷ്ണകുമാറിന് 53 വയസ്സുമാണ്.

50 പിന്നിട്ട മൂന്ന് പേരുടെ മത്സരമാണ് തൃശൂരിൽ നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന് 66 ഉം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് 65 ഉം ആണ് പ്രായം. താരതമ്യേന പ്രായം കുറവ് സിപിഐയുടെ വി എസ് സുനിൽ കുമാറിനാണ്, 56 വയസ്സ്. ചാലക്കുടിയിലും 50 പിന്നിട്ടവരുടെ പോരാട്ടമാണ്. 71 വയസ്സുകാരനായ, കോൺഗ്രസ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ ആണ് ഇതിൽ മുമ്പിൽ. സിപിഐഎമ്മിന്റെ സി രവീന്ദ്രന് 68 വയസ്സും ബിഡിജെഎസ്സിന്റെ കെ എ ഉണ്ണികൃഷ്ണന് 56 വയസ്സുമാണ്.

യുവാക്കളുടെ മത്സരമാണ് എറണാകുളത്ത് പ്രതീക്ഷിക്കുന്നത്. 40 കാരനായ കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡനും 53കാരിയായ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈനുമാണ് മത്സരിക്കുന്നത്. ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുവ നേതാവിനെ തന്നെ ബിജെപി മത്സരത്തിനിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്തിന് സമാനമാണ് ഇടുക്കിയിലും. 42കാരനായ ഡീന് കുര്യാക്കോസും 53 കാരനായ ജോയ്സ് ജോർജുമാണ് ഇടുക്കിയിലെ സ്ഥാനാർത്ഥികൾ. ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അറുപത് പിന്നിട്ടവരുടെ മത്സരമാണ് കോട്ടയം മണ്ഡലത്തിൽ നടക്കുന്നത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി 68 കാരനായ ഫ്രാൻസിസ് ജോർജാണ്. കെസിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ തോമസ് ചാഴിക്കാടന്റെ പ്രായം 71 ഉം ആണ്. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 50 തൊട്ട് അറുപത് വരെയാണ് ആലപ്പുഴയിലെ സ്ഥാനാർത്ഥികളുടെ പ്രായം. ബിജെപിയുടെ ശോഭാ സുരേന്ദ്രനാണ് പ്രായത്തിൽ ഇളയത്, 50 വയസ്സ്. സിറ്റിങ് എംപി എ എം ആരിഫിന് 59 വയസ്സും കോൺഗ്രസിന്റെ കെ സി വേണുഗോപാലിന് 60 വയസ്സുമാണ്.

എംപി ഫണ്ട് ചിലവഴിക്കാൻ മടിയെന്ത്? അക്കൗണ്ടിൽ ബാക്കിയായി കോടികൾ; മുന്നിൽ കൊടിക്കുന്നിലും ഡീനും

20 മണ്ഡലങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി മത്സരിക്കുന്നത് മാവേലിക്കരയിൽ നിന്നാണ്. സിപിഐയുടെ സി എ അരുൺ കുമാറാണ് യുവാക്കളിൽ യുവാവായ ആ സ്ഥാനാർത്ഥി. 50 പിന്നിട്ട് രണ്ട് പേരോടാണ് അരുൺ കുമാർ മത്സരിക്കുന്നത്. കോൺഗ്രസിന്റെ കൊടിക്കുന്നിലിന് 61 ഉം ബിഡിജെഎസ്സിന്റെ ബൈജു കലാശാലയ്ക്ക് 52 ഉം ആണ് പ്രായം. മത്സരത്തിൽ യുവാക്കളുടെ വോട്ട് നിർണ്ണായകമാകും. മാവേലിക്കരയ്ക്ക് സമാനമായി പത്തനംതിട്ടയിലും 60 പിന്നിട്ട രണ്ട് പേരോടാണ് 38 കാരനായ അനിൽ ആന്റണി മത്സരിക്കുന്നത്. കോൺഗ്രസിന്റെ ആന്റോ ആന്റണിക്ക് പ്രായം 66 ആണ്. 71കാരനായ ടി എം തോമസ് ഐസക്കാണ് സിപിഐഎം സ്ഥാനാർത്ഥി. യുവാക്കളുടെ വോട്ടുകൂടി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ഹാജർനില 51% മാത്രം, 96% ഹാജരോടെ സമദാനി; എംപിമാരുടെ പ്രോഗ്രസ് കാർഡ്

കൊല്ലത്ത് ആർഎസ്പി സ്ഥാനാർത്ഥി 63കാരനായ എൻ കെ പ്രേമചന്ദ്രനോട് മത്സരിക്കുന്നത് സിപിഐഎം സ്ഥാനാർത്ഥി എംഎൽഎം എം മുകേഷിന് വയസ്സ് 66 ആണ്. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആറ്റിങ്ങലിൽ 50 പിന്നിട്ടവരുടെ മത്സരമാണ്. കോൺഗ്രസിന്റെ അടൂർ പ്രകാശിന് 68 ഉം സിപിഐഎമ്മിന്റെ വി ജോയിക്ക് 58 ഉം കേന്ദ്രമന്ത്രി വി മുരളീധരന് 65 ഉം ആണ് പ്രായം. ഒരു കേന്ദ്രമന്ത്രി, ഒരു മുൻ കേന്ദ്രമന്ത്രി മുൻ എംപി എന്നിങ്ങനെ പരിചയ സമ്പന്നരായ മൂന്ന് പേരാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ ശശി തരൂരിന് 67 ഉം സിപിഐയുടെ പന്ന്യൻ രവീന്ദ്രന് 78 ഉം ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിന് 59 വയസ്സുമാണ് പ്രായം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us