'പ്രാദേശിക വികസന ഫണ്ട് പൂര്ണ്ണമായും ചെലവഴിച്ചു'; ആരോപണം നിഷേധിച്ച് കൊടിക്കുന്നില് സുരേഷ്, കണക്ക്

പ്രാദേശിക വികസന ഫണ്ടില് കൊടിക്കുന്നില് സുരേഷിന്റെ അക്കൗണ്ടിലാണ് ചെലവഴിക്കാത്തതായി ഏറ്റവും കൂടുതല് തുകയുള്ളതെന്ന കണക്ക് പുറത്ത് വന്നിരുന്നു. പിന്നാലെയാണ് വിശദീകരണം.

dot image

കൊച്ചി: അനുവദിച്ച പ്രാദേശിക വികസന ഫണ്ട് പൂര്ണ്ണമായും ചെലവഴിച്ചെന്ന് കൊടിക്കുന്നില് സുരേഷ് എംപി. അനുവദിച്ചുകിട്ടിയ 17 കോടിക്ക് പുറമെ കഴിഞ്ഞ ടേമില് നിന്നും ക്യാരിഓവര് ചെയ്തുവന്ന അഞ്ച് കോടി അടക്കം 22 കോടിയുടെ പദ്ധതികള് മണ്ഡലത്തില് നടപ്പിലാക്കി വരികയാണെന്ന് എംപി ഓഫീസ് അറിയിച്ചു. മണ്ഡലം വ്യാപിച്ചുകിടക്കുന്ന മൂന്ന് ജില്ലകളിലെ പ്ലാനിംഗ് ഓഫീസര്മാരുടെ കൃത്യ നിര്വഹണത്തിലെ കാലതാമസവും നവ കേരള സദസ്സും പദ്ധതിയുടെ ബില്ല് പാസായി കിട്ടുന്നത് വൈകിച്ചു. തുക കോണ്ട്രാക്ടര്മാര്ക്ക് കിട്ടിയശേഷം മാത്രമേ ചെലവ് ഇനത്തില് കാണിക്കുകയുള്ളൂ. അതാണ് ഇപ്പോള് സംഭവിച്ചതെന്നും എം പി ഓഫീസ് വിശദീകരിച്ചു. പ്രാദേശിക വികസന ഫണ്ടില് കൊടിക്കുന്നില് സുരേഷിന്റെ അക്കൗണ്ടിലാണ് ചെലവഴിക്കാത്തതായി ഏറ്റവും കൂടുതല് തുകയുള്ളതെന്ന കണക്ക് പുറത്ത് വന്നിരുന്നു. പിന്നാലെയാണ് വിശദീകരണം.

'അനുവദിച്ച ഫണ്ട് പൂര്ണ്ണമായും ഉപയോഗിച്ചു. പതിനേഴ് കോടി രൂപയാണ് അനുവദിച്ചത്. ഈ തുകയൊടൊപ്പം ക്യാരി ഓവര് ചെയ്തുവന്ന പഴയ തുക കൂടി ഉപയോഗിച്ച് ഭരണാനുമതി ലഭിച്ച പദ്ധതികള് പുരോഗമിക്കുന്നത്. പൈസ ഇല്ലാത്തതിനാല് നൂറ്റിപത്തോളം പ്രൊജക്ടുകള് നിര്ത്തിവെച്ചിട്ടുണ്ട്. അതായത് 22 കോടി രൂപ ചെലവായി കഴിഞ്ഞതോടെയാണ് പദ്ധതി നിര്ത്തിവെച്ചത്.' എംപി ഓഫീസ് അറിയിച്ചു.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള് ഉള്പ്പെടുന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. എംപി ഫണ്ടിന്റെ നിര്വഹണ ചുമതല അതത് ജില്ലാ പ്ലാനിംഗ് ഓഫീസിനായിരിക്കും. മൂന്ന് ജില്ലകളിലെയും പ്രവര്ത്തനം ക്രോഡീകരിക്കുന്നത് കൊല്ലം പ്ലാനിംഗ് ഓഫീസാണ്. മൂന്ന് ജില്ലാ പ്ലാനിംഗ് ഓഫീസും പ്രവര്ത്തനം ക്രോഡീകരിക്കുന്നതില് കാലതാമസം വരാറുണ്ട്. ഇതിന് പുറമെ മൂന്ന് മാസത്തെ നവകേരള സദസുമായി ബന്ധപ്പെട്ട് മുഴുവന് പ്ലാനിംഗ് ഓഫീസുകളും ബ്ലോക്ക് ഓഫീസുകളും അതിന്റെ പിന്നാലെയായിരുന്നു. ഒന്നര വര്ഷമായ ബില്ല് പോലും കോട്ടയം പ്ലാനിംഗ് ഓഫീസില് ഇപ്പോഴും കിടക്കുകയാണെന്നും എം പി ഓഫീസ് വിശദീകരിച്ചു.

2019-2024 കാലഘട്ടത്തില് എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിലേക്ക് കേന്ദ്ര സര്ക്കാര് നല്കിയത് 17 കോടി രൂപയാണ്. ഇതില് ഒരു വര്ഷം എംപി ഫണ്ടിനായി സര്ക്കാര് നല്കുന്നത് 5 കോടി രൂപയാണ്. ഈ തുക പൂര്ണ്ണമായും അതത് മണ്ഡലങ്ങളില് വിനിയോഗിക്കാം. എന്നാല് കൊവിഡ് വ്യാപന പശ്ചാത്തലത്തില് 2020-2021 സാമ്പത്തിക വര്ഷം എംപി ഫണ്ട് നല്കേണ്ടെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഈ തുക കൊവിഡിനെ ചെറുക്കാനായാണ് സര്ക്കാര് മാറ്റി വച്ചത്. എന്നാല് പിന്നീട് 2021-2022 വര്ഷം പകുതിയോടെ എംപി ഫണ്ട് വിതരണം ചെയ്യാന് തീരുമാനിച്ച സര്ക്കാര് രണ്ട് കോടി രൂപയാണ് ഓരോ എംപിമാര്ക്കും ഇതിനായി അനുവദിച്ചത്. തുടര് വര്ഷങ്ങളില് കൃത്യമായി അഞ്ച് കോടി രൂപ വീതവും അനുവദിച്ചു. ആകെയുള്ള 17 കോടിയില് 6.24 കോടി രൂപ ബാക്കി വെച്ച കൊടിക്കുന്നില് സുരേഷ് കഴിഞ്ഞ അഞ്ച് വര്ഷം മണ്ഡലത്തിനായി ചെലവഴിച്ചത് 10.76 കോടി രൂപയാണെന്നായിരുന്നു ആരോപണം.

dot image
To advertise here,contact us
dot image