കൊല്ലം: മതം പൗരത്വത്തിന് മാനദണ്ഡമാകുന്നത് മൗലികാവകാശത്തിന്റെ ലംഘനമെന്ന് ആർഎസ്പി സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. മുസ്ലിം, മുസ്ലിം ഇതര വിഭാഗം എന്ന വേർതിരിവ് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിഎഎ വിഷയത്തിൽ വോട്ട് രേഖപ്പെടുത്താത്തത് സഭാതന്ത്രമാണ്. ഭേദഗതികൾ നിർദ്ദേശിച്ചതും പ്രതിരോധിച്ചതും താൻ അടക്കമുള്ള യുഡിഎഫ് എംപിമാരാണ്. ഇടത് എംപിമാർ പങ്കെടുത്തില്ല, അക്കാര്യം മുഖ്യമന്ത്രി ചോദിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
വർഗീയ സമുദായ പ്രീണനം നടത്തുന്ന പാർട്ടിയായി സിപിഐഎം മാറി. തനിക്കെതിരെ വർഗീയ പ്രചരണത്തിന് പള്ളികൾ കേന്ദ്രീകരിച്ച് സിപിഐഎം സ്പെഷ്യൽ സ്ക്വാഡ് നടക്കുന്നുണ്ട്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മോദിയെ പ്രകീർത്തിച്ചുള്ള പ്രമേയത്തിൽ ഇടത് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നും എം കെ പ്രേമചന്ദ്രൻ പറഞ്ഞു.
ഉച്ചഭക്ഷണ വിവാദത്തിൽ എൻ കെ പ്രേമചന്ദ്രൻ വിശദീകരണം നൽകി. ബിജെപിയിലേക്ക് പോകാൻ ആയിരുന്നെങ്കിൽ 1999 ൽ പോകാമായിരുന്നു. വാജ്പേയ്ക്ക് അധികാരത്തിൽ തുടരാൻ ഒരു എംപി കൂടി വേണമായിരുന്നു. അന്ന് പോയില്ല. തന്നെയോ ആർഎസ്പിയോ സമീപിക്കാൻ ബിജെപിക്ക് ധൈര്യമില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.