കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് ജാസി ഗിഫ്റ്റ് പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങിയ സംഭവത്തിൽ പ്രതിയകരണവുമായി സംഗീത സംവിധായകൻ ശരത്. ജാസിക്കുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു കോളേജ് പ്രിൻസിപ്പാളിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ദുരനുഭവമുണ്ടായത് ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് വളരെ വേദനാജനകമായി തോന്നിയെന്നും ശരത് കൂട്ടിച്ചേർത്തു.
ശരത്തിന്റെ വാക്കുകൾ
എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിൽ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് വളരെ വേദനാജനകമായി തോന്നി.
എനിക്ക് അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്.
കോളേജ് അധികൃതരിൽ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ജാസിക്ക് ഒപ്പം
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ, കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയിൽ പ്രിൻസിപ്പാൾ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന് അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു.
മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോവുകയായിരുന്നു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ടമായില്ല എന്നായിരുന്നു വാദം. എന്നാല് വിദ്യാര്ഥികള് സമരം ചെയ്തുവെന്നും വിദ്യാര്ഥികള് തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞിരുന്നു. പ്രിൻസിപ്പാളിന്റെ നടപടിക്കെതിരെ വിവിധ മേഖലകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.