വായനയാണ് ജീവിതത്തിൻ്റെ വിജയം; 'നിഴല് തേടുന്നവര്' ഒരുക്കി കുഞ്ഞെഴുത്തുകാരി ആഞ്ജല വിനീത്

സമയം ഉള്ളപ്പോൾ മാത്രമല്ല സമയം കണ്ടെത്തി പുസ്തകം വായിക്കാൻ ശ്രമിക്കണം

ജെന്‍സി ജേക്കബ്
2 min read|16 Mar 2024, 02:32 pm
dot image

പുസ്തകങ്ങൾക്കിടയില് നക്ഷത്രതിളക്കത്തിലാണ് കുഞ്ഞ് എഴുത്തുകാരി ആഞ്ജല. വളരെ ഗൗരമേറിയ കൊച്ചുകൊച്ച് ജീവിതാനുഭവങ്ങൾ കോർത്ത് ആഞ്ജല തയ്യാറാക്കിയതാണ് 'നിഴല് തേടുന്നവര്'എന്ന പുസ്തകം. കോട്ടയം ജില്ലയിൽ കറുകച്ചാൽ ചേലക്കൊമ്പ് സിഎംഎസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഞ്ജല. ഒന്നാം ക്ലാസ് മുതൽ കഥാരചനയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന ആഞ്ജല അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാരംഭം കലാസാഹിത്യവേദി നടത്തിയ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. തുടർന്നുള്ള സബ് ജില്ലാ കലോത്സവങ്ങളിൽ വിജയം തുടരുകയും ചെയ്തു. ചേലക്കൊമ്പ് വെള്ളക്കലുങ്കൽ വീട്ടിൽ വിനീതിൻ്റെയും ലിജിയുടെയും മൂത്ത മകളാണ് ആഞ്ജല.

ആഞ്ചലയുടെ ആദ്യ ചുവടുകള്

ജീവിതഗന്ധിയായ പ്രമേയങ്ങളാണ് ആഞ്ജലയുടെ രചനകൾക്ക് വഴി ഒരുക്കുന്നത്. വ്യത്യസ്ത ആശയങ്ങൾ ഈ കഥകളിലൂടെ വായനക്കാരിൽ എത്തിക്കാൻ കഴിയുന്നുണ്ട്. ചരടുപൊട്ടിയ പട്ടം, കറണ്ട് വന്നല്ലോ, തോരാമഴ, കളിപ്പാട്ടം, നിഴല് തേടുന്നവര്, നിലാവെട്ടം, അമ്മയില്ലാത്ത വീട് എന്ന ചെറുകഥകൾ കോർത്തിണക്കിയാണ് ആഞ്ജല 'നിഴല് തേടുന്നവര്' ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമേറിയതാണ് ഓരോ കഥകളും, ഒരോന്നും ഒന്നിന്നൊന്ന് മെച്ചം. എപ്പോഴും ആഞ്ജല കഥകൾ എഴുതാറില്ല, എന്നാൽ എഴുതിയാല് അതില് തീര്ച്ചയായും ഒരു കാമ്പുറ്റ ആശയം ഉണ്ടായിരിക്കും.

ഗുരുക്കന്മാരുടെ പിന്തുണയാണ് പ്രചോദനമെന്ന് ആഞ്ജല പറയുന്നു. 'ഒന്നാം ക്ലാസ്സ് തൊട്ട് കഥ എഴുതുമായിരുന്നു. സ്കൂളിലെ ടീച്ചേർസ് തന്നെയാണ് കഥകളെഴുതാൻ പ്രചോദനം. എങ്ങനെ എഴുതണം എന്നെല്ലാം അധ്യാപകർ പറഞ്ഞു തരും. കൂടുതലും ചെറുകഥകളാണ് എഴുതാറുള്ളത്. സമകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതലും കഥകൾ എഴുതുന്നത്. മാതാപിതാക്കളും അധ്യാപകരുമാണ് ഏതൊക്കെ തലങ്ങളിലുള്ള വിഷയങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പറഞ്ഞു തരുന്നത്. ഇതുവരെ ഏഴു കഥകൾ എഴുതിയിട്ടുണ്ട്. ഇതെല്ലാം ചേർന്നതാണ് 'നിഴല് തേടുന്നവര്'. പുസ്തകം പ്രസിദ്ധീകരിക്കാൻ കൂടെ നിന്നത് സ്കൂൾ തന്നെയാണ്.

എൻ്റെ എറ്റവും ഇഷ്ടപ്പെട്ട കഥയുടെ പേരാണ് 'നിഴല് തേടുന്നവര്'. എൻ്റെ പുസ്തകത്തിലെ ചെറുകഥകളില്ലെല്ലാം സ്നേഹവും വേദനയുമുണ്ട്. ചാഞ്ഞുപോവുന്ന, അവസാനമില്ലാതായി പോവുന്ന നിഴലിനെ പിൻതുടരുന്നത് പോലെയുള്ള കഥകളാണ് ഇവയെല്ലാം. അതുകൊണ്ടാണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ പേര് 'നിഴല് തേടുന്നവര്' എന്ന് ഞാൻ തിരഞ്ഞെടുത്തത്.'- ആഞ്ജല പറയുന്നു.

ആഞ്ജലയുടെ പ്രിയപ്പെട്ട എഴുത്തുകാരി ചെറുകഥാകൃത്ത് നീതു പോൾസൺ ആണ്. കെ ആർ മീരയെയും വലിയ ഇഷ്ടമാണ്. ഇതുവരെ 25 ഓളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയിൽ നിന്നാണ് പുസ്തകങ്ങൾ കൂടുതല് വായിക്കാൻ എടുക്കാറുള്ളത്. ഇഷ്ടപ്പെടുന്ന, വായിക്കാൻ ആഗ്രഹമുള്ള പുസ്തകങ്ങളെല്ലാം വീട്ടുകാർ വാങ്ങി നല്കുകയും ചെയ്യും. ഓൺലൈനിലും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. മറ്റ് ഭാഷയിലുള്ള പുസ്തകങ്ങൾ വായിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആഞ്ജലയ്ക്ക് കൂടുതൽ പ്രിയം മലയാള ഭാഷയിലുള്ള പുസ്തകങ്ങൾ തന്നെയാണ്. സമയം ഉള്ളപ്പോൾ മാത്രമല്ല വായിക്കേണ്ടത്, വായിക്കാനായി സമയം കണ്ടെത്താന് ശ്രമിക്കണമെന്നാണ് ആഞ്ജലയ്ക്ക് പറയാനുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us