'സിഎഎ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോ?'; പിണറായി വിജയൻ

ദേശീയ നേതാവായ ആനിരാജയുടെ ശബ്ദം സിഎഎ വിഷയത്തിൽ ആളുകൾ കേട്ടുവെന്ന് മുഖ്യമന്ത്രി

dot image

കൽപ്പറ്റ: സഖാവ് ആനി രാജയെ ഇതിനകം തന്നെ വയനാട് മണ്ഡലം സ്വീകരിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിൽ നമ്മുടെ ശബ്ദം ഉയരുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ചു വർഷകാലം ആ രൂപത്തിൽ ശബ്ദമുയർന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ 20 എം പിമാരിൽ 18 പേരും യുഡിഎഫ് ആയപ്പോൾ വേണ്ടതുപോലെ ശബ്ദം ഉയർന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കാറുണ്ടെന്നും പക്ഷെ കഴിഞ്ഞ തവണ ശബ്ദം വളരെ നേർത്തതായി പോയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബിജെപി യുടെ ഭരണം ഇനിയും തുടർന്നാൽ വലിയ ആഘാതം സൃഷ്ടിക്കും. രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ചാൽ കേവല ഭൂരിപക്ഷം ലഭിക്കില്ല. രാഹുൽ ഗാന്ധി സർക്കാർ രൂപീകരിക്കണമെങ്കിൽ കൂടുതൽ സീറ്റുകൾ വേണം. ഇപ്പൊ അഞ്ചു വർഷമായി ഒരുപാട് അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ടല്ലോ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ് പൗരത്വനിയമ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ആശങ്കയിലാക്കുന്ന നിയമമാണ് കൊണ്ടുവന്നത്. ഇതിന് സർക്കാർ പറഞ്ഞ ന്യായങ്ങൾ ആർക്കും ബോധ്യമായില്ല. പച്ചയായി ഭരണഘടന പിച്ചിചീന്തലാണ് സിഎഎ. നിയമ ഭേദഗതി വന്നപ്പോൾ അരുത് എന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സിഎഎ വിരുദ്ധ സർവ്വ കക്ഷിയോഗം തിരുവനന്തപുരത്തു നടന്നു. കോൺഗ്രസിനു മുൻപ് ഉണ്ടായിരുന്ന നിലപാട് വേറെയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ മടിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോയെന്ന് ചോദിച്ച പിണറായി വിജയൻ ദേശീയ നേതാവായ ആനിരാജയുടെ ശബ്ദം ആളുകൾ കേട്ടുവെന്നും ചൂണ്ടിക്കാണിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ എവിടെയെങ്കിലും കോൺഗ്രസുകാരുടെ പങ്കാളിത്തം ഉണ്ടായോ. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ഉയർന്നു. കേരളത്തിന്റെ ശബ്ദം ആളുകൾ ആഗ്രഹിക്കുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

വന്യജീവി പ്രശ്നത്തിൽ ഞങ്ങൾക്കൊരു ബാധ്യതയുമില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിസിഎഫ് എന്ന വനം വകുപ്പിൻ്റെ മേധാവിക്ക് അധികാരം പ്രയോഗിക്കാനുള്ള അവകാശം കേന്ദ്രം നൽകുന്നില്ല. നിയമം ഭേദഗതി ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞു. ബിജെപി യുടെ നിലപാടാണത്. എന്നാൽ കേരളത്തിന് സഹായം ചെയ്യണമെന്ന് വയനാട്ടിലെ എംപി ആവശ്യപ്പെട്ടോയെന്നും എന്തേ ആവശ്യപ്പെടാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്സഭയിൽ യുഡിഎഫ് പ്രതിനിധികളുടെ ശബ്ദം ഉയർന്നില്ല. 620 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചു. കേന്ദ്രം അത് തള്ളിക്കളഞ്ഞു. ഉള്ളത് വെച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image