കലാബോധം മരുന്നിന് പോലുമില്ലാത്ത അധ്യാപകരാണ് കലാലയങ്ങളെ നശിപ്പിക്കുന്നത്: ഗീവർഗീസ് മാർ കൂറിലോസ്

'നൃത്തം അകലെ കൂടെ പോലും പോയിട്ടില്ലാത്ത ഞാൻ പോലും അറിയാതെ ശരീരം അനക്കി പോയത് ജാസി ഗിഫ്റ്റിന്റെ "ലജ്ജാവതിയെ" കേട്ടപ്പോഴാണ്'

dot image

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില് ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്സിപ്പാള് മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില് പ്രതികരിച്ച് ഗീവർഗീസ് മാർ കൂറിലോസ്. മലയാള സംഗീതത്തിന് നവ്യമായ ഒരു ഭാഷയും ഭാഷ്യവും നൽകിയ കലാകാരനാണ് ജാസി ഗിഫ്റ്റെന്നും അദ്ദേഹത്തെ അപമാനിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

'നൃത്തം അടുത്തു പോകട്ടെ, അകലെ കൂടെ പോലും പോയിട്ടില്ലാത്ത ഞാൻ പോലും അറിയാതെ ശരീരം അനക്കി പോയത് ജാസി ഗിഫ്റ്റിന്റെ "ലജ്ജാവതിയെ" എന്ന പാട്ട് കേട്ടപ്പോഴാണ്. മലയാള സംഗീത ശാഖയ്ക്ക് നവ്യമായ ഒരു ഭാഷയും ഭാഷ്യവും വ്യാകരണവും നൽകിയ അനുഗ്രഹീത കലാകാരനാണ് ജാസി ഗിഫ്റ്റ്. അദ്ദേഹത്തെ അപമാനിച്ചതിൽ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു... കലാബോധം മരുന്നിനു പോലുമില്ലാത്ത അധ്യാപകരും പ്രിൻസിപ്പാളുമാരും ആണ് നമ്മുടെ കലാലയങ്ങളെ നശിപ്പിക്കുന്നത്... മുന്നോട്ടുപോവുക ജാസി ഗിഫ്റ്റ്... ഒപ്പമുണ്ട്,' അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് മൈക്ക് പിടിച്ചു വാങ്ങി പ്രിന്സിപ്പാള് പറഞ്ഞത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില് പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. പാടുന്നതിനിടെ ഉദ്ഘാടകന് ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്കിയിരുന്നതെന്ന നിലപാടെടുത്ത പ്രിന്സിപ്പാള് മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു. പ്രിന്സിപ്പാളിന്റെ നടപടിയില് പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.

'തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?'; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ജി വേണുഗോപാൽ

പരിപാടി അവതരിപ്പിക്കുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി പരിപാടി നിര്ത്താന് ആവശ്യപ്പെട്ടുവെന്നും ആദ്യമായി ആണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ടമായില്ല എന്നായിരുന്നു വാദം. എന്നാല് വിദ്യാര്ഥികള് സമരം ചെയ്തുവെന്നും വിദ്യാര്ഥികള് തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

dot image
To advertise here,contact us
dot image