കൊച്ചി: സംവിധായകൻ മേജർ രവി എൻഡിഎ സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന നേതൃത്വം മേജർ രവിയോട് സമ്മതം ആരാഞ്ഞുവെന്നും മത്സരിക്കാൻ സമ്മതമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. എറണാകുളം ഉൾപ്പെടെയുള്ള നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇനി ബിജെപി പ്രഖ്യാപിക്കാനുള്ളത്. അതിനിടെയാണ് മേജർ രവി എൻഡിഎ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ബിജെപിയിലേയ്ക്കെത്തിയ പത്മജ വേണുഗോപാലിൻ്റെ പേരുൾപ്പെടെ നേരത്തെ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. മേജർ രവിയെ എറണാകുളം മണ്ഡലത്തിൽ മത്സരിപ്പിക്കുമോ എന്നതിൽ ബിജെപിയുടെ ഔദ്യോഗിക തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി അൽഫോൺസ് കണ്ണന്താനമായിരുന്നു മത്സരിച്ചത്. 1,37,000 വോട്ടാണ് കഴിഞ്ഞ തവണ എറണാകുളം മണ്ഡലത്തിൽ നിന്ന് അൽഫോൺസിന് ലഭിച്ചത്.
മുൻപ് എ എൻ രാധാകൃഷ്ണൻ മത്സരിച്ചപ്പോഴും മെച്ചപ്പെട്ട വോട്ട് ഷെയറുണ്ടായിരുന്നു. ബിജെപി പ്രധാന്യത്തോടെ കാണുന്ന സി ക്ലാസ് മണ്ഡലം എന്ന നിലയിൽ എറണാകുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുയർന്നിരുന്നു. ഇതിനിടയിലാണ് എറണാകുളത്ത് മത്സരിക്കാൻ ഒരുക്കമാണെന്ന് നേതൃത്വത്തെ അറിയിച്ചതായുള്ള മേജർ രവിയുടെ സ്ഥിരീകരണം വന്നിരിക്കുന്നത്.