എല്ഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന വടകരയെ അട്ടിമറി വിജയത്തിലൂടെ സ്വന്തമാക്കി കോണ്ഗ്രസിന്റെ മണ്ഡലമാക്കി മാറ്റിയത് കോണ്ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. വടകരക്കാരുടെ മനസ്സ് നന്നായി അറിയുന്ന മുല്ലപ്പള്ളി പറയുന്നു, ഇത്തവണ ഷാഫി പറമ്പില് ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വടകര ജയിച്ചു കയറുമെന്ന്. ഇന്ത്യന് ഫാസിസത്തിനെതിരെ കേന്ദ്രത്തില് പോരാട്ടം നടത്താന് കഴിയുന്ന, പ്രശ്നങ്ങള് അവിടെ പോയി സംസാരിക്കാന് കഴിവുള്ള മികച്ച പാര്ലമെന്റേറിയനാകും ഷാഫി എന്നാണ് മുല്ലപ്പള്ളിയുടെ ഉറപ്പ്. കെ കെ ശൈലജ ഊതിവീര്പ്പിച്ച ബലൂണെന്നും ടി പി വധക്കേസ് ജനങ്ങള് ചര്ച്ചയാക്കുമെന്നും എതിരാളികളെ ഭയമേതുമില്ലെന്നുമാണ് മുല്ലപ്പള്ളി റിപ്പോര്ട്ടറിനോട് പറയുന്നത്. അഭിമുഖം വായിക്കാം.
വടകര എന്ന തട്ടകം, വിജയപ്രതീക്ഷ
വടകര പാര്ലമെന്റ് മണ്ഡലത്തില് എനിക്ക് വലിയ വിജയപ്രതീക്ഷയാണുള്ളത്. ഷാഫി പറമ്പില് എന്ന സ്ഥാനാര്ത്ഥി ഒരു കാലത്തും കോണ്ഗ്രസിന് കിട്ടാത്ത ഭൂരിപക്ഷത്തോട് കൂടി ഇത്തവണ വിജയിക്കാനുള്ള സര്വ്വസാധ്യതയും ഉണ്ട്. കാരണം ഈ നിയോജക മണ്ഡലത്തിന്റെ പ്രത്യേകത അങ്ങനെയാണ്. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായ വടകരയില് ഒരു മാറ്റം വന്നത് 2009-ലാണ്. ഞാന് സ്ഥാനാര്ത്ഥിയായി ഇവിടെ വന്നപ്പോള്. അന്ന് പി സതീദേവിയുടെ ഭൂരിപക്ഷത്തെ മറികടന്ന് 56,000 വോട്ടിനാണ് ജയിച്ചത്. വലിയ അട്ടിമറി വിജയം. രണ്ടാം തവണയും ആ വിജയം ആവര്ത്തിച്ചു. ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്തത വലിയ കോട്ടയാണ് വടകര. വടകര പിന്നാക്ക മണ്ഡലമായിരുന്നു ഇടതുപക്ഷ എംപിമാര് ഉള്ളപ്പോള്. ഒത്തിരി കാര്യങ്ങള് ചെയ്യാന് സാധിക്കുമായിരുന്നു. അതൊന്നും അവര് ചെയ്തില്ല. അവിടെ ഞാന് വന്ന ശേഷം വികസനം നിര്ബന്ധമായും വേണമെന്ന് ഉറപ്പിച്ചു. സാമ്പത്തിക കാര്യ വിദഗ്ധന് ബി എ പ്രകാശിനെ വെച്ചുകൊണ്ട് മിഷന് വടകര 2025 എന്ന സെമിനാറിലൂടെ വികസനത്തെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി മുന്നോട്ട് പോയി. ഇന്ന് വടകരയിലെ വികസനപ്രവര്ത്തനങ്ങളെല്ലാം അന്ന് ഉരുത്തിരിഞ്ഞതാണ്. ഇവിടെ വോട്ടര്മാര്ക്കിടയില് ഏറ്റവും വലിയ ചര്ച്ചയാകുക ടി പി ചന്ദ്രശേഖരന് വധക്കേസ് തന്നെയാകും. ഇതുവരെ അതിന് പിന്നിലെ ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടുവരാന് സാധിച്ചിട്ടില്ല. വലിയ തരത്തില് തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കും.
ഷാഫി പറമ്പില്, വടകരയുടെ പ്രിയങ്കരനാകും
ഷാഫി ഇവിടെ വന്നശേഷം ജനങ്ങള്ക്ക് വലിയ പ്രതീക്ഷയാണ്. ഞാനെങ്ങനെയാണോ 2009-ല് ഇവിടെ എത്തിയപ്പോള് ജനങ്ങള് സ്വീകരിച്ചത് അതിന്റെ തനിയാവര്ത്തനമാകും ഇവിടെ ഉണ്ടാകാന് പോകുന്നത്. യുവാവ് എന്നത് മാത്രമല്ല, മൂന്ന് തവണ നിയമസഭാംഗമായിട്ടുണ്ട്. അനായാസേന ജയിച്ച് വന്നതുമല്ല. മെട്രോമാന് ശ്രീധരനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ തവണത്തെ വിജയം. വിജയിപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഷാഫി വല്ലാതെ ഉയര്ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം നിയോജകമണ്ഡലത്തിലും നിയമസഭയിലും കണ്ടു. ജനങ്ങളുമായി ഒട്ടിനിന്ന് കൊണ്ട് ജനങ്ങളുടെ പ്രശ്നം പരിഹരിച്ചു. പാലക്കാട്ടെ നിത്യസാന്നിധ്യമായിരുന്നു. നിയമസഭയില് ഏറ്റവും മികച്ച പ്രതിപക്ഷ ബെഞ്ചിലെ ഒരു പ്രാസംഗികനായിരുന്നു. മനോഹരമായിട്ട് നിയമസഭയില് കാര്യങ്ങള് അവതരിപ്പിക്കാന് ശേഷിയുള്ള ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ലോക്സഭയിലേക്ക് പോകേണ്ട സ്ഥാനാര്ത്ഥി ആരെന്ന് വടകരയിലെ പ്രബുദ്ധരായ ജനങ്ങള്ക്ക് അറിയാം. കണ്ണൂരിനെക്കാളും രാഷ്ട്രീയപരമായ ആഴത്തിലുള്ള ബോധമുള്ള ജനങ്ങളുള്ള മണ്ഡലമാണ് വടകര. ഇന്ത്യന് ഫാസിസത്തിനെതിരെ കേന്ദ്രത്തില് പോരാട്ടം നടത്താന് കഴിയുന്ന, പ്രശ്നങ്ങള് അവിടെ പോയി സംസാരിക്കാന് കഴിവുള്ള ആളെ വടകര തിരഞ്ഞെടുക്കും. വടകരയിലെ ജനങ്ങള്ക്ക് ഒരിക്കലും കൈത്തെറ്റ് പറ്റില്ല. ഷാഫി പറമ്പിലിനെ തന്നെ തിരഞ്ഞെടുക്കുമെന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട്. ഈ ചെറുപ്പക്കാരനെ കാണാനുള്ള ജനങ്ങളുടെ പ്രഭാവമാണ് വടകരയില് ആദ്യ ദിവസം അവിടെ കാണാന് സാധിച്ചത്. പൂര്ണമായിട്ടും ജനങ്ങള്ക്ക് അറിയാം ഷാഫി പറമ്പില് ജയിച്ചുകഴിഞ്ഞാല് അവര്ക്ക് ഉപകാരമാകുമെന്ന്. കാണാനും പ്രശ്നങ്ങള് പറയാനും പരിഹാരം കണ്ടെത്താനും ഷാഫി പറമ്പില് ഒപ്പമുണ്ടാകുമെന്ന് അവര്ക്ക് ഉറപ്പുണ്ട്. പാലക്കാട് എങ്ങനെയാണോ അദ്ദേഹം പ്രവര്ത്തിച്ചത് അതുപോലെ ഈ ചെറുപ്പക്കാരനിലൂടെ ഇവിടെ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
കെ കെ ശൈലജ ഊതിവീര്പ്പിച്ച ബലൂണ്
കെ കെ ശൈലജ ഒരിക്കലും പാര്ലമെന്റില് ശോഭിക്കുമെന്ന കാര്യത്തില് വളരെ സംശയമുണ്ട്. കാരണം അവരുടെ പ്രകടനം തന്നെ. ശക്തയായ സ്ഥാനാര്ത്ഥി എന്ന് പറയാന് പറ്റില്ല. കെ കെ ശൈലജ പദവിയിലിരിക്കുന്ന സമയത്തുള്ള ട്രാക്ക് റെക്കോര്ഡ് നോക്കാം. കോവിഡ് കാലത്ത് രണ്ടാമത്തെ വലിയ മരണങ്ങള് കേരളത്തിലാണ്. ഇന്ത്യയില് ആദ്യമായി കോവിഡ് റിപ്പോര്ട്ട് ചെയ്തത് കേരളത്തിലാണ്. അന്താരാഷ്ട്ര ഏജന്സികളെ വെച്ചുകൊണ്ട് നടത്തിയ പി ആര് വര്ക്കിന്റെ ബലത്തിലുണ്ടായ പ്രതിച്ഛായ. ഊതിവീര്പ്പിച്ച ബലൂണ് ഒരു മൊട്ടുസൂചികൊണ്ട് പൊട്ടിപ്പോയില്ലേ?. ഗുരുതരമായ ഒരു അഴിമതി. ഗബ്രിയേല് മാര്ക്കേസിന്റെ പ്രശസ്തമായ പുസ്തകം, കോളറക്കാലത്തെ പ്രണയമാണെങ്കില് കൊവിഡ് കാലത്തെ കൊള്ളയായിരുന്നു ഇവിടെ നടന്നത്. 1,300കോടി രൂപയുടെ അഴിമതി നടന്നു എന്നത് ശക്തമായ രേഖകള് വച്ചുകൊണ്ട് തെളിഞ്ഞതല്ലേ. ഇത് കെ കെ ശൈലജ നിഷേധിച്ചിട്ടില്ലല്ലോ. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളെന്നാണ് പറഞ്ഞത്. ആരാണ് ഇതിന് പിന്നിലെന്ന് പ്രബുദ്ധരായ കേരള ജനതയ്ക്ക് അറിയണ്ടേ. കോവിഡ് ദുരിതകാലത്ത് നിങ്ങളുടെയും എന്റെയും പേരില് കിറ്റും മാസ്കും വാങ്ങുന്നുവെന്ന പേരില് ഇത്ര വലിയ കൊള്ളയടിച്ചുവെന്നത് വെറും ആരോപണമല്ല. പൊതുസമൂഹത്തില് വളരെ ഗൗരവത്തോടെ ചര്ച്ച ചെയ്യുന്ന വിഷയമാണ്. കെ കെ ശൈലജ ടി പി ചന്ദ്രശേഖരന് വധക്കേസില് പ്രതി കുഞ്ഞനന്തനെ ന്യായീകരിക്കുന്ന നിലപാട് പറഞ്ഞു. ആ വധക്കേസിനെ വെള്ളപൂശുന്ന പ്രസ്താവനകള് നടത്തി. ഇതിനൊക്കെപ്പുറമേ പിണറായി വിജയന്റെ 8 വര്ഷക്കാലത്തെ ഭരണത്തിനെതിരെ വലിയ വികാരമാണ് ജനങ്ങള്ക്കിടയിലുള്ളത്. അഴിമതിയുടെ ആയിരം കഥകളല്ലേ ഇവിടെ കേള്ക്കുന്നത്. കാര്യക്ഷമതയില്ലാത്തെ പിടിപ്പുകേട് നിറഞ്ഞ ഭരണം. കേരളത്തെ കടക്കെണിയിലേക്ക് കൊണ്ടു പോകുന്ന സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത. ഇത് ഓരോ രംഗത്തെയും ബാധിക്കും. തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതെല്ലാം വടകരയിലെ തിരഞ്ഞെടുപ്പില് വിഷയമാകും.
പത്മജയുടേത് ചതി, അനീതി
പത്മജ വേണുഗാപാല്, ബിജെപിയിലേക്ക് പോയിരിക്കുന്ന ലീഡര് കരുണാകരന്റെ മകളെ ഞാന് എപ്പോഴും ഒരു അനിയത്തിയെപ്പോലെയാണ് കണ്ടത്. പക്ഷേ ഇപ്പോഴെന്തിനാണ് അവര് ബിജെപിയിലേക്ക് പോയത് എന്നതില് ഉത്തരമില്ല. എന്തായിരുന്നു അതിനുള്ള കാരണം. കെ കരുണാകരനെന്ന മതേതരവാദിയെക്കുറിച്ച് എതിരാളികള്ക്ക് പോലും എതിര്പ്പുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മകളാണ് ബിജെപിയെന്ന പ്രസ്ഥാനത്തിലേക്ക് പോയത അത് ഒരിക്കലും ന്യായീകരിക്കാന് സാധിക്കില്ല. ബിജെപിയിലേക്ക് പോകാനുള്ള ചര്ച്ചകള് നടത്തിയതിന്റെ വിവരങ്ങള് എനിക്ക് ലഭിച്ചിരുന്നു. കെ മുരളീധരന് സ്ഥാനാര്ത്ഥിയാകുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചിരുന്നു. കോണ്ഗ്രസിനെതിരായുള്ള ഗൂഢാലോചനയില് പങ്കാളിയാകാന് പാടില്ലായിരുന്നു. അവര്ക്ക് ഞങ്ങള് കൊടുത്ത സൗകര്യങ്ങള് എന്തെല്ലാമായിരുന്നു. എത്ര മിടുക്കികളുണ്ട് ഞങ്ങള്ക്കൊപ്പമുണ്ട്. പാര്ട്ടിക്ക് വേണ്ടി എല്ലാ സമരമുഖങ്ങളിലും നിന്ന കുട്ടികളുണ്ട്. അതൊന്നും പത്മജയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കെ കരുണാകരന് ജനങ്ങള്ക്കും കോണ്ഗ്രസുകാര്ക്കും ഇടയില് വലിയ സ്ഥാനമുണ്ട്. ആ ഒരൊറ്റക്കാരണം കൊണ്ടാണ് ഈ പദവികളെല്ലാം കൊടുത്തത്. തിരഞ്ഞെടുപ്പുകളില് പലതിലും തോറ്റു. പക്ഷേ അവരെ കോര്പ്പറേഷന് ചെയര്പേഴ്സണാക്കി. കെപിസിസി ഭാരവാഹിത്വം കൊടുത്തു. പ്രത്യേകതമായ പരിഗണനയും പരിലാളനയും കൊടുത്തു. പ്രസ്ഥാനത്തിനോട് കാണിച്ചിട്ടുള്ള അനീതിയും ചതിയുമാണ് പത്മജ കാണിച്ചത്. അവര് ഒരിക്കലും ബിജെപിയിലേക്ക് പോകാന് പാടില്ലായിരുന്നു.
കേരളം, കോണ്ഗ്രസ്
ഈ ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്?ഗ്രസ് 20-20 നേടുമെന്നത് ഉറപ്പാണ്. ജനങ്ങളുടെ മനസ്സും വികാരവും എനിക്ക് നന്നായി അറിയാം. ജനങ്ങള് കൂടെയുണ്ട്. ജനങ്ങള് മുഴുവന് ഇവിടെ കോണ്ഗ്രസ് വിജയിക്കാന് കാത്തിരിക്കുന്നു. 2019-ല് ആലപ്പുഴ നടന്നത് ഒരു കൈത്തെറ്റെന്നേ ഞാന് പറയൂ. ഷാനിമോള് ഉസ്മാന് നല്ല സ്ഥാനാര്ത്ഥിയായിരുന്നു. പക്ഷേ ചില അലംഭാവം കാരണം ആ മണ്ഡലം ചുണ്ടിനും കപ്പിനും ഇടയില് നഷ്ടപ്പെട്ടു. ഇത്തവണ അവിടെയും തിരിച്ചുപിടിക്കും.
രാഹുല് ഗാന്ധി, ഇന്ഡ്യ മുന്നണി, പ്രതീക്ഷ
ഇന്ഡ്യ മുന്നണിയില് ചിന്തിക്കുന്ന മതേതര ജനാധിപത്യ വിശ്വാസികളായ കോടിക്കണക്കിന് ആളുകള്ക്ക് വലിയ വിശ്വാസമുണ്ട്. അവര് ഇന്ഡ്യ മുന്നണി അധികാരത്തില് വരാന് ആഗ്രഹിക്കുന്നു. ഇന്ഡ്യ മുന്നണി ഉയര്ന്ന് പ്രവര്ത്തിച്ചാല് ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമാകില്ല. ഐക്യമുണ്ടായാല് വിജയം ഉറപ്പ്. രാഹുല് ഗാന്ധിയെ പ്രതീക്ഷയോടെ ജനങ്ങള് നോക്കിക്കാണുന്നുണ്ട്. ഭാരത് ജോഡോ യാത്രയും ഭാരത് ന്യായ് യാത്രയും ജനങ്ങള് ഏറ്റുവാങ്ങിയിട്ടുണ്ട്. മഹാത്ഭുതങ്ങള് ഇവിടെ സൃഷ്ടിക്കാന് സാധിക്കും.
എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും; നേതൃത്വത്തെ സമ്മതമറിയിച്ചുഇ പി ജയരാജന് ശുദ്ധന്, പറഞ്ഞത് കമ്യൂണിസ്റ്റ് പൊതുവികാരം
കമ്യൂണിസ്റ്റ് പാര്ട്ടിയെക്കുറിച്ച് പഠിച്ചവര്ക്ക് ഇ പി ജയരാജന്റെ പ്രസ്താവനയില് അത്ഭുതം തോന്നില്ല. അവരുടെ എക്കാലത്തെയും ശത്രു ഇന്ത്യന് നാഷണല് കോണ്ഗ്രസാണ്. സ്വാതന്ത്ര്യ സമരത്തില് കോണ്ഗ്രസ് വിരുദ്ധ നിലപാടെടുത്ത പാര്ട്ടിയാണ് കമ്യൂണിസ്റ്റ് പാര്ട്ടി. ബിജെപി ഉയര്ത്തുന്ന കോണ്ഗ്രസ് വിരുദ്ധ ഭാരതത്തിന്റെ ഭാഗമാണ് സിപിഐഎം. ജയരാജന് ശുദ്ധനായതുകൊണ്ട് അത് പരസ്യമായി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ ബിജെപിയുമായി രാഷ്ട്രീയമായി അന്തര്ധാരയുള്ള ഒരു നേതാവിനെ കാണാന് സാധിക്കുമോ?. ഒരായിരം ആരോപണങ്ങളുടെ ശരശയ്യയില് കിടക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്സികള് അന്വേഷണം നടത്തിയോ?.
ഒന്നായി പോരാട്ടം
രാഷ്ട്രം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ആ സാഹചര്യത്തില് പാര്ട്ടി എടുക്കുന്ന ഏതൊരു നിലപാടിനൊപ്പവും ഞാന് നില്ക്കും. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് ചില നിലപാടുകളിലാണ്. ആരോടും വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിട്ടില്ല. ഈ തിരഞ്ഞെടുപ്പിനെ ഞങ്ങള് ഒറ്റക്കെട്ടായി തന്നെ നേരിടും.