കാസർകോട്: ബിജെപിയിൽ ചേർന്നത് തനിക്ക് സ്വപ്നലോകം പോലെയാണെന്ന് പത്മജ വേണുഗോപാൽ. എൻഡിഎ കാസർകോട് പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്മജ. ലീഡർഷിപ്പ്, ഒത്തൊരുമ എന്നിവയാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചത്. ഇനിയും ഒരുപാട് പേർ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തുമെന്നും പത്മജ പറഞ്ഞു
സഹോദരൻ കെ മുരളീധരനോട് തനിക്ക് വ്യക്തിപരമായി യാതൊരു കുഴപ്പവുമില്ല. പക്ഷേ താൻ ഈ പാർട്ടിയിൽ നിന്ന് കൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കില്ല എന്നും പത്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി കാസർകോട് എത്തിയ പത്മജയെ എൻഡിഎ നേതാക്കളും പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്.
എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ്ഷോയിലും പത്മജ പങ്കെടുത്തിരുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റെ സി കെ പത്മനാഭൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ ബിജെപി നേതാക്കളും പ്രവർത്തകരും എംഎൽ അശ്വിനിക്ക് പിന്തുണ അറിയിച്ച് റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുത്തു.
അതേസമയം, പത്മജ വേണുഗോപാലിനെതിരെ സി കെ പത്മനാഭന് പരസ്യ പ്രതിഷേധം നടത്തിയതും ചർച്ചയായി. ഉദ്ഘാടകയായി പത്മജ എത്തിയതാണ് ബിജെപി ദേശീയ കൗണ്സില് അംഗവും മുന് സംസ്ഥാന പ്രസിഡന്റുമായ സി കെ പത്മനാഭനെ ചൊടിപ്പിച്ചത്. മറ്റുപാര്ട്ടികള് വിട്ട് ബിജെപിയില് എത്തുന്നവര്ക്ക് അമിത പ്രാധാന്യം നല്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്ശനം. ഉദ്ഘാടന ചടങ്ങിനിടെ പത്മജ വേണുഗോപാല് നിലവിളക്കില് തിരി കൊളുത്തുമ്പോള് പത്മനാഭന് വേദിയില് എഴുന്നേല്ക്കാതെ ഇരിക്കുകയായിരുന്നു.