സിപിഐഎം അനുനയനീക്കം വിജയിച്ചു, വിമർശിച്ചവർക്കൊപ്പം ഒരുമിച്ച് ഒരു വേദിയിൽ എസ് രാജേന്ദ്രന്

മൂന്നുവർഷത്തോളമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത രാജേന്ദ്രൻ ഈ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകും

dot image

ദേവികുളം: സിപിഐഎമ്മുമായി സമരസപ്പെട്ട് എസ് രാജേന്ദ്രൻ. മൂന്നുവർഷത്തിനുശേഷം നേതാക്കന്മാർക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടു. ഇടതു സ്ഥാനാര്ത്ഥി ജോയിസ് ജോർജ്ജിൻ്റെ ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിലാണ് രാജേന്ദ്രൻ എത്തിയത്. ബിജെപിയിലേക്ക് പോകുമെന്നും പാർട്ടി അംഗത്വം പുതുക്കില്ലാ എന്നുമുള്ള വാർത്തകൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പാർട്ടി നേതൃത്വവും ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് രാജേന്ദ്രൻ വേദിയിലെത്തിയത്.

2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം നിയോജകമണ്ഡലത്തിൽ അഡ്വ എ രാജക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജേന്ദ്രന് വീഴ്ച ഉണ്ടായി. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. വീഴ്ച ഉണ്ടെന്നത് ആരോപണം മാത്രമാണെന്ന് കാണിച്ച് നേതൃത്വത്തിന് രാജേന്ദ്രൻ കത്ത് നൽകുകയും ചെയ്തു. എന്നിട്ടും നടപടി പിൻവലിച്ചിരുന്നില്ല. ഇതിനിടയിൽ ബിജെപി നേതൃത്വം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രാജേന്ദ്രനുമായി സിപിഐഎം നേതാക്കൾ മൂന്ന് വട്ട ചർച്ചകൾ നടത്തി. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം മുതിർന്ന പാർട്ടി നേതൃത്വം നടത്തിയ ചർച്ചയെ തുടർന്നാണ് രാജേന്ദ്രൻ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.

പത്മജയെ ക്ഷണിച്ചിട്ടില്ല; ബിജെപി സ്ഥാനാര്ത്ഥികള് മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാനെന്നും ഇപി

ഇന്ന് നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ രാജേന്ദ്രൻ നേരിട്ട് എത്തി. രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച എം എം മണിയും വേദിയിലുണ്ടായിരുന്നു. ഒരിക്കലും ഒത്തുപോകുവാൻ കഴിയില്ലെന്ന് രാജേന്ദ്രൻ പരസ്യമായി പ്രഖ്യാപിച്ച കെ വി ശശി അടക്കമുള്ളവരുള്ള വേദിയിലാണ് രാജേന്ദ്രൻ എത്തിയത്. മൂന്നുവർഷത്തോളമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത രാജേന്ദ്രൻ ഈ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ ദേവികുളം നിയോജകമണ്ഡലത്തിൽ കരുത്താകുമെന്ന പ്രതീക്ഷയോടെയാണ് നേതൃത്വം അനുനയനീക്കം നടത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us