പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ എത്തിയ ദിവസം ബിജെപി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ജനറൽ കമ്മിറ്റി കൂടിയത് പാർട്ടിക്കുള്ളിൽ വിവാദമാകുന്നു. സംഭവത്തിൽ കടുത്ത അതൃപ്തിയിലാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം. അന്നേ ദിവസം കമ്മിറ്റി മാറ്റിവെക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിയാണ് യോഗം ചേർന്നത്.
ഈ മാസം 14ന് വൈകിട്ടാണ് കമ്മറ്റിയുടെ നോട്ടീസ് പ്രിൻറ് ചെയ്തത്. യോഗം ചേരുന്നതിന് മൂന്നുദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന പാർട്ടി ചട്ടം പാലിക്കാതെയാണ് കമ്മറ്റി കൂടിയതെന്ന് യോഗത്തിൽ പങ്കെടുക്കാതിരുന്ന ബിജെപി അംഗങ്ങൾ പറഞ്ഞു. എന്നാൽ മുൻകൂട്ടി തീരുമാനിച്ച കമ്മിറ്റിയാണെന്നും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തീയതി മാറ്റിയതാണ് പ്രശ്നമായതെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വിശദീകരണം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ഉണ്ടായിരുന്ന പാർട്ടിയിലെ വിഭാഗീയതയാണ് കുളനടയിൽ പ്രകടമായതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.