തൊടുപുഴ: തനിക്കെതിരെ തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാനാണ് എം എം മണിയുടെ നീക്കമെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീന് കുര്യാക്കോസ്. തനിക്കിത് ആദ്യത്തെ അനുഭവമല്ലെന്നും സ്ഥിരമായി തനിക്കെതിരെ ഇത്തരം ഭാഷാപ്രയോഗങ്ങൾ നടത്തുന്ന ആളാണ് മണിയെന്നും ഡീൻ കുറ്റപ്പെടുത്തി. സാംസ്കാരിക നായകന്മാരും മാധ്യമപ്രവർത്തകരും എം എം മണിക്ക് വിശുദ്ധ പദവി നൽകുന്നു. നാടൻ പ്രയോഗം എന്നു പറഞ്ഞ് എം എം മണിയുടെ പുലയാട്ട് നാട്ടിലുള്ളവർ കേൾക്കണം എന്നാണോയെന്നും ഡീൻ കുര്യാക്കോസ് ചോദിച്ചു. ഇത് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും എം എം മണിയുടെ പരാമർശങ്ങൾ തള്ളിക്കളയുന്നുവെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
'എം എം മണി ഇത്തരത്തിലുള്ള ഭാഷാ പ്രയോഗം നടത്താറുള്ള ആളാണ്. അതിന് അദ്ദേഹത്തിന് എന്തോ ലൈസന്സ് പതിച്ചു നല്കിയിരിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തെറിക്കുത്തരം മുറിപത്തല് എന്ന ശൈലിയാണ് ഇവര് ആഗ്രഹിക്കുന്നതെങ്കില് എന്റെ ഭാഷാശൈലിയില് അങ്ങനെയുള്ള പദപ്രയോഗങ്ങള് ഞാന് ശീലിച്ചിട്ടില്ല. ഞാനത് പ്രയോഗിക്കാന് ആഗ്രഹിക്കുന്നുമില്ല'- ഡീൻ കുര്യാക്കോസ് പറഞ്ഞു.
'കേരളത്തിലെ സാംസ്കാരിക നായകന്മാര് അല്ലെങ്കില് മാധ്യമപ്രവര്ത്തകര് എം എം മണിക്കെന്തോ വിശുദ്ധപദവിയുണ്ടെന്ന തരത്തിലാണ് അദ്ദേഹത്തിന് ചില ലൈസന്സുകള് അനുവദിച്ച് കൊടുത്തിട്ടുള്ളത്. അത് ശരിയാണെയെന്ന് അവര് വീണ്ടും ചിന്തിക്കട്ടെ. നാടന് പ്രയോഗങ്ങള് നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് എം എം മണി നടത്തുന്ന മുഴുവന് പുലയാട്ടുകളും നാട്ടിലുള്ള മുഴുവന് ആളുകളും കൊടുത്തു കൊള്ളണമെന്നുള്ളതാണ് കേരളത്തിലെ സാംസ്കാരിക നായകരുടെയും മാധ്യമ പ്രവര്ത്തകരുടെയും സ്ഥിരമായിട്ടുള്ള ഒരുശൈലി. അത് പ്രത്യേകമായ ഒരു അവസ്ഥയാണ് അതിനെ സംബന്ധിച്ച് ജനങ്ങള് തീരുമാനിക്കട്ടെ. തിരഞ്ഞെടുപ്പ് രംഗത്ത് അതും ചര്ച്ചയാകട്ടെയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇടുക്കിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ പ്രതിക്കൂട്ടിലായിരിക്കുന്ന എം എം മണി ഈ വിധത്തില് തെറിയഭിഷേകം നടത്തി ശ്രദ്ധതിരിച്ചുവിടാമെന്ന് വിചാരിച്ചാല് അതൊന്നും നടക്കാന് പോകുന്ന കാര്യമല്ലെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു. ഒരുകാര്യത്തില് എം എം മണി മറുപടി പറയേണ്ടതുണ്ട്. ഇന്ന് ഇടുക്കി ജില്ലക്കാര് അനുഭവിക്കുന്ന മുഴുവന് ബുദ്ധിമുട്ടുകള്ക്കും കേന്ദ്രബിന്ദുവായി നിന്നുകൊണ്ട് ഈ ജനവിരുദ്ധ തീരുമാനങ്ങള് അടിച്ചേല്പ്പിച്ച മന്ത്രിസഭാ യോഗങ്ങളില് എം എം മണിയുടെ സാന്നിധ്യമുണ്ടായിരുന്നു. ജില്ലക്കെതിരായ സര്ക്കാര് ഉത്തരവുകളാണ് നമ്മള് കഴിഞ്ഞ കാലങ്ങളില് കണ്ടത്. നിര്മ്മാണ നിരോധനം അടിച്ചേല്പ്പിച്ചത് ഈ സര്ക്കാരാണ്. എം എം മണി കാബിനറ്റില് പങ്കെടുക്കുമ്പോഴാണ്. ബഫര്സോണ് ഒരുകിലോമീറ്റര് ജനവാസ കേന്ദ്രങ്ങള് ഉള്പ്പെടെ എന്ന തീരുമാനങ്ങള് ഉള്പ്പെടെ തീരുമാനങ്ങള് എടുത്തത് എം എം മണി മന്ത്രി ആയിരിക്കുമ്പോഴാണെന്നും ഡീൻ ചൂണ്ടിക്കാണിച്ചു.
എം എം മണിയുടെ നിയമസഭാ മണ്ഡലത്തിലെ മതികെട്ടാന് ചോലയില് ഒരുകിലോമീറ്റര് ബഫര് സോണില് നിന്ന് ഒഴിവാക്കിക്കൊണ്ട് സുപ്രീം കോടതി നിര്ദ്ദേശപ്രകാരം സംസ്ഥാന സര്ക്കാരിന് ഇപ്പോഴും തീരുമാനം എടുക്കാം. അവിടെ അത് തിരുത്തിക്കൊടുക്കാത്തത് എന്തുകൊണ്ടാണ്. അതോടൊപ്പം അദ്ദേഹം എംഎല്എ ആയിരിക്കുന്ന മണ്ഡലത്തിന്റെ തൊട്ടടുത്ത് നിൽക്കുന്ന ചിന്നക്കനാലില് ഇപ്പോഴും വനവിസ്തൃതി വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി സര്ക്കാര് റിസര്വ് വനം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചെക്കുളത്ത് റിസര്വ് വനം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ എം എം മണി ജനപ്രതിനിധിയായിരിക്കെ ഇടതുപക്ഷ സര്ക്കാര് നടപ്പിലാക്കിയ നിര്ണ്ണായകമായിട്ടുള്ള വിചിത്ര തീരുമാനങ്ങളാണ്. ഈ തീരുമാനങ്ങളാണ് യഥാര്ത്ഥത്തില് ഇടുക്കി ജില്ലയ്ക്ക് ദോഷമായി വന്നിട്ടുള്ളത്. ഇതൊക്കെ തിരഞ്ഞെടുപ്പില് നിര്ണ്ണായക ചര്ച്ചയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
'ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി, ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെതിരെ എം എം മണിയുടെ വ്യക്ത്യാധിക്ഷേപംവന്യമൃഗശല്യം ചര്ച്ചയാകുമ്പോള് സമരം ചെയ്തിട്ടുണ്ട്, എംപി എന്ന നിലയിലാണ് സമരം ചെയ്തത്. സര്ക്കാരിന്റെ പാളിച്ച ചൂണ്ടിക്കാണിച്ചാണ് സമരം ചെയ്തത്. അതിനെ ആക്ഷേപിച്ച് അവര് നടത്തുന്ന പ്രസ്താവനകളെ അര്ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആദ്യമായിട്ടല്ല നിരാഹാരസമരം നടത്തുന്നത് ആറാമത് തവണയാണ് നിരാഹാര സമരം നടത്തുന്നത്. ആരോഗ്യസ്ഥിതി വഷളായതുമായി ബന്ധപ്പെട്ട് നടത്തുന്ന അക്ഷേപകരമായ പരാമര്ശങ്ങള് ഈ വിഷയത്തില് അവര്ക്കുള്ള ആത്മാര്ത്ഥതക്കുറവ് അല്ലെങ്കില് അവര്ക്കുള്ള കുറ്റബോധത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്നാണ് വിചാരിക്കുന്നത്. ഏതായാലും അദ്ദേഹത്തിന്റെ പദപ്രയോഗങ്ങള് തള്ളിക്കളയുന്നു. പൊതുസമൂഹം അത് ചര്ച്ച ചെയ്യുമെന്നും ഡീൻ വ്യക്തമാക്കി.