കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഗവർണറുടെ തെളിവെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 12.30 ന് രാജ്ഭവനിലാണ് തെളിവെടുപ്പ് നടക്കുക. ഗവർണർ നാമനിർദേശം നൽകിയ ഡോ. പി രവീന്ദ്രൻ, ഡോ ടി എം വാസുദേവൻ എന്നിവരുടെ പത്രിക റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാർ തളളിയതിന് പിന്നാലെ ഗവർണർ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. നോമിനേഷൻ തള്ളിയ പ്രൊഫസർ രവീന്ദ്രനും പ്രൊഫസർ വാസുദേവനും നേരിട്ട് ഗവർണർക്ക് മുന്നിൽ ഹാജരാകും. രജിസ്ട്രാരും വൈസ് ചാൻസലറും ഓൺലൈനായും പങ്കെടുക്കും. വിഷയത്തിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഡോ. പി രവീന്ദ്രൻ, ഡോ ടി എം വാസുദേവൻ എന്നിവർ അധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ചവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. എന്നാൽ സർവകലാശാല ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രിക സമർപ്പിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.
യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുവാനാണ് തങ്ങളുടെ പട്ടിക തള്ളിയത് എന്നായിരുന്നു അധ്യാപകരുടെ പരാതി. സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റിൽ മത്സരിക്കാനുള്ള അവസരം യൂണിവേഴ്സിറ്റി നിയമത്തിൽ നിഷേധിച്ചിട്ടില്ലായിരിക്കെ അധ്യാപകരായ ഇവർ രണ്ടുപേരുടെയും നാമദേശ പത്രിക തള്ളിയത് ബോധപൂർവമാണെന്നും ഇത് കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി സമർപ്പിച്ചത്. പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നൽകാൻ റിട്ടേണിംഗ് ഓഫീസറും വൈസ് ചാൻസലറും വിസമ്മതിച്ചതായും ഗവർണർക്ക് നൽകിയ പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിസിക്കെതിരെ പോസ്റ്ററുകളും ബാനറുകളും പാടില്ല; കത്തയച്ച് രജിസ്ട്രാർ